തനിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയതിന്റെ കാരണം ഇതൊക്കെ; തുറന്നുപറഞ്ഞ്‌ ബദരീനാഥ്

ചെന്നൈ: ബാറ്റിംഗില്‍ സാധ്യമായതെല്ലാം ചെയ്തിട്ടും തനിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയതിന് പിന്നിലെ കാരണം തുറന്നുപറയുകയാണ് എസ്
ബദരീനാഥ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം കൂടിയായി ബദരീനാഥിന്റെ തുറന്നുപറച്ചില്‍.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും, വീരേന്ദര്‍ സെവാഗും വിവിഎസ് ലക്ഷ്മണും രാഹുല്‍ ദ്രാവിഡും ഗൗതം ഗംഭീറും യുവരാജ് സിംഗുമെല്ലാം അടങ്ങുന്ന ബാറ്റിംഗ് ലൈനപ്പില്‍ തനിക്ക് എങ്ങനെയാണ് സ്ഥാനം കിട്ടുക എന്ന് ബദരീനാഥ് ചോദിച്ചു. കരിയറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ത്യന്‍ ടീമിലെ സ്പിന്‍ ഓള്‍ റൗണ്ടറെന്ന നിലയില്‍ തുടരാന്‍ തനിക്ക് കഴിയുമായിരുന്നുവെന്നും ഓഫ് സ്പിന്നര്‍ കൂടിയായ ബദരീനാഥ് പറഞ്ഞു.

ഓഫ് സ്പിന്നര്‍ എന്ന നിലയില്‍ ഞാന്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ടീമിലെ ആറാം നമ്പറിലോ ഏഴാം നമ്പറിലോ എനിക്ക് കളിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ ബാറ്റ്‌സ്മാനെന്ന നിലയില്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പുറത്തെടുത്തിട്ടുണ്ട്. ആ സമയത്ത് കരിയറില്‍ സഹായിക്കാനും ആരുമില്ലാതായിപ്പോയി.

ബാറ്റിംഗില്‍ മാത്രം ശ്രദ്ധിക്കാതെ സ്പിന്‍ ഓള്‍ റൗണ്ടറുടെ റോള്‍ ലക്ഷ്യമിട്ടിരുന്നെങ്കില്‍ കൂടുതല്‍ മത്സരങ്ങളില്‍ ഇന്ത്യക്കായി കളിക്കാന്‍ കഴിയുമായിരുന്നുവെന്നും ബദരീനാഥ് പറഞ്ഞു. തമിഴ്നാടിനായി ആഭ്യന്തര ക്രിക്കറ്റില്‍ പതിനായിരത്തലധികം റണ്‍സ് അടിച്ചുകൂട്ടിയിട്ടുള്ള താരമാണ് ബദരീനാഥ്.

Top