രാജ്യത്ത് പീഡനം വര്‍ധിക്കാന്‍ കാരണം സ്ത്രീകളുടെ വസ്ത്രധാരണം; വിവാദ പരാമര്‍ശവുമായി ബിജെപി എം.എല്‍.എ

ന്യൂഡല്‍ഹി: രാജ്യത്ത് ബലാത്സംഗം കൂടാന്‍ കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന വിവാദപരാമര്‍ശവുമായി ബിജെപി എം.എല്‍.എ രേണുകാചാര്യ. ഹിജാബ് വിവാദത്തിന് പിന്നാലെ ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ധരിക്കുന്ന വ്യക്തിയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ഹിജാബ് ആകട്ടെ, ജീന്‍സ് ആകട്ടെ, ബിക്കിനി ആകട്ടെ… ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്. അതിന് ഇന്ത്യന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ടെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

ബിക്കിനി പോലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതുപോലും തരംതാഴ്ന്ന പ്രസ്താവനയാണ്. കോളജില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ മുഴുവന്‍ വസ്ത്രവും ധരിക്കണം. സ്ത്രീകള്‍ അല്പവസ്ത്രം ധരിക്കുന്നത് പുരുഷന്‍മാരെ പ്രലോഭിപ്പിക്കുന്നു. ഇത് രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നുവെന്നും രേണുകാചാര്യ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കള്‍ ഹിജാബ് ധരിക്കാന്‍ ആവശ്യപ്പെടുന്ന നിയമം കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് കര്‍ണാടക ഊര്‍ജ മന്ത്രി സുനില്‍ കുമാര്‍ പ്രസ്താവിച്ചു. സിദ്ധരാമയ്യയും കോണ്‍ഗ്രസും ഇത്തരം മാനസികാവസ്ഥയില്‍ നിന്ന് കരകയറണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് ജനവിധി ലഭിച്ചാല്‍ എല്ലാ ഹിന്ദുക്കളും ഹിജാബ് ധരിക്കണമെന്ന നിയമം പോലും വന്നേക്കാം. സിദ്ധരാമയ്യയും കോണ്‍ഗ്രസും ഇത്തരം മാനസികാവസ്ഥയില്‍ നിന്ന് കരകയറണം. ഇന്നലെ ഡി.കെ ശിവകുമാര്‍ കൊടി നീക്കം ചെയ്തുവെന്ന തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു. തെറ്റായ പ്രസ്താവനകളുമായി ഇപ്പോഴും കോണ്‍ഗ്രസ് മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിജാബിനോടോ. കാവി ഷാള്‍ ധരിക്കുന്നതിനോ അനകൂലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top