റിയല്‍മി നാര്‍സോ 50A, നാര്‍സോ 50i വിപണിയില്‍ അവതരിപ്പിച്ചു

സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി നര്‍സോ 50 ശ്രേണിയിലുള്ള ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നാര്‍സോ 50A, നാര്‍സോ 50i എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുതുതായി വില്പനക്കെത്തിയിരിക്കുന്നത്. കൂട്ടത്തില്‍ ബജറ്റ് ഫോണായ റിയല്‍മി നാര്‍സോ 50iയുടെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷന് 7,499 രൂപയും, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 8,499 രൂപയുമാണ് വില. മിന്റ് ഗ്രീന്‍, കാര്‍ബണ്‍ ബ്ലാക്ക് നിറങ്ങളില്‍ റിയല്‍മി നാര്‍സോ 50i വാങ്ങാം.

4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 11,499 രൂപ, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 12,499 എന്നിങ്ങനെയാണ് റിയല്‍മി നാര്‍സോ 50Aയുടെ വിലകള്‍. ഓക്‌സിജന്‍ ബ്ലൂ, ഓക്‌സിജന്‍ ഗ്രീന്‍ നിറങ്ങളിലാണ് റിയല്‍മി നാര്‍സോ 50A വാങ്ങാവുന്നത്. ഇരു ഫോണുകളുടെയും വില്പന അടുത്ത മാസം 7ന് ആരംഭിക്കുന്ന ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയ്ലിലാണ് ക്രമീകരിച്ചിരിക്കുന്നത്. അന്നേ ദിവസം മുതല്‍ റിയല്‍മി. കോം വെബ്സൈറ്റിലും പുത്തന്‍ ഫോണുകളുടെ വില്പന ആരംഭിക്കും.

ആന്‍ഡ്രോയ്ഡ് 11 അധിഷ്ഠിത റിയല്‍മി യുഐ ഗോ പതിപ്പാണ് റിയല്‍മി നാര്‍സോ 50iയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം. 89.5 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതമുള്ള 6.5 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന്. 4 ജിബി വരെ റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യൂണിസോക് 9863 SoC ആണ് പ്രോസസ്സര്‍.

എഫ്/2.0 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്‌സല്‍ AI റിയര്‍ ക്യാമറയും എഫ്/2.2 അപ്പേര്‍ച്ചറുള്ള 5 മെഗാപിക്‌സല്‍ AI സെല്‍ഫി ക്യാമറയും ഫോണില്‍ ക്രമീകരിച്ചിട്ടുണ്ട്. 43 ദിവസത്തെ സ്റ്റാന്‍ഡ്ബൈ സമയം വാഗ്ദാനം ചെയ്യുന്നു എന്ന് റിയല്‍മി അവകാശപ്പെടുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി നാര്‍സോ 50iയില്‍ പായ്ക്ക് ചെയ്തിരിക്കുന്നത്. 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, വൈഫൈ 802.11 ബി/ജി/എന്‍, ബ്ലൂടൂത്ത് വി 4.2 എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ റിയല്‍മി UI 2.0-ല്‍ പ്രവര്‍ത്തിക്കുന്ന റിയല്‍മി നാര്‍സോ 50Aയ്ക്ക് 6.5-ഇഞ്ച് HD+ (720×1,600 പിക്‌സലുകള്‍) വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച് ഡിസ്‌പ്ലേയാണ്. 20:9 ആസ്‌പെക്ട് റേഷ്യോയും 88.7 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതവും ഡിസ്പ്ലേയ്ക്കുണ്ട്. ARM മാലി-G52 GPU, 4GB റാം എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മീഡിയടെക് ഹീലിയോ G85 SoC ആണ് പ്രോസസ്സര്‍.

എഫ്/1.8 അപ്പേര്‍ച്ചറുള്ള 50 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, എഫ്/2.4 അപ്പര്‍ച്ചര്‍ ഉള്ള ബ്ലാക്ക് വൈറ്റ് പോര്‍ട്രെയിറ്റ് ലെന്‍സ്, എഫ്/2.4 അപ്പേര്‍ച്ചറുള്ള 2-മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് റിയല്‍മി നാര്‍സോ 50Aയ്ക്ക്. സൂപ്പര്‍ നൈറ്റ്‌സ്‌കേപ്പ്, നൈറ്റ് ഫില്‍ട്ടറുകള്‍, ബ്യൂട്ടി മോഡ്, HDR, പനോരമിക് വ്യൂ, പോര്‍ട്രെയിറ്റ് മോഡ്, ടൈംലാപ്‌സ്, സ്ലോ മോഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ക്യാമറയ്ക്കുണ്ട്. എഫ്/2.0 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് റിയല്‍മി നാര്‍സോ 50Aയില്‍.

18W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി നാര്‍സോ 50Aയ്ക്ക്. 53 ദിവസം സ്റ്റാന്‍ഡ്ബൈ, 48 മണിക്കൂര്‍ കോളിംഗ്, 111 മണിക്കൂര്‍ സ്പോട്ടിഫൈ, 27 മണിക്കൂര്‍ യൂട്യൂബ്, 26 മണിക്കൂര്‍ വാട്ട്സ്ആപ്പ്, 8 മണിക്കൂര്‍ ഗെയിമിംഗ് എന്നിവ ഈ ബാറ്ററികൊണ്ട് പ്രവര്‍ത്തിപ്പിക്കാം എന്നാണ് റിയല്‍മിയുടെ അവകാശവാദം.

 

Top