ആദ്യ സ്മാര്‍ട് വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റിയല്‍മി

ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ റിയല്‍മി തങ്ങളുടെ ആദ്യ സ്മാര്‍ട് വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.ഇതിന്റെ മുന്നോടിയായുള്ള വീഡിയോ ടീസര്‍ റിയല്‍മി ഇന്ത്യ സിഇഒ മാധവ് ഷേത്ത് ട്വിറ്ററില്‍ പങ്കുവെച്ചു.

ഞങ്ങളുടെ അടുത്ത എഐഒടി ഉല്‍പ്പന്നങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ആപ്പിള്‍ വാച്ചിന്റെ കേയ്സിന് സമാനമായ ചതുരാകൃതിയിലുള്ള കെയ്സ് ആണ് വീഡിയോ ടീസറില്‍ കാണാവുന്നത്. ഈ സ്മാര്‍ട് വാച്ച് റിയല്‍മി വാച്ച് എന്ന് അറിയപ്പെടുമെന്ന് വീഡിയോ വ്യക്തമാക്കുന്നു. റിയല്‍മി ബാന്‍ഡിന് ശേഷം കമ്പനി പുറത്തിറക്കുന്ന രണ്ടാമത്തെ വെയറബിള്‍ ഉല്‍പ്പന്നമാണ് റിയല്‍മി വാച്ച്.ആദ്യമായാണ് റിയല്‍മി വാച്ചിന്റെ ടീസര്‍ വീഡിയോ പുറത്തിറക്കുന്നത്.

റിയല്‍മി സ്മാര്‍ട് വാച്ചിന് 1.4 ഇഞ്ച് ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഐപി68 വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്റ്, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ബ്ലഡ് ഓക്സിജന്‍ ലെവല്‍ മോണിറ്റര്‍ തുടങ്ങിയ സംവിധാനങ്ങളും സ്മാര്‍ട് വാച്ചിലുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്മാര്‍ട്ഫോണ്‍ ബ്രാന്റ് എന്ന നിലയില്‍ നിന്നും മാറി, ഇന്ത്യയിലെ ഒരു മുന്‍നിര ലൈഫ്സ്‌റ്റൈല്‍ ബ്രാന്റ് ആയി മാറാനുള്ള ശ്രമത്തിലാണിപ്പോള്‍ റിയല്‍മി.

സ്മാര്‍ട് ബാന്‍ഡിനും സ്മാര്‍ട് വാച്ചിനും പുറമെ സ്മാര്‍ട് ടിവി പുറത്തിറക്കാനും റിയല്‍മിയ്ക്ക് പദ്ധതിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുവഴി ഐഒടി ഉപകരണ വിപണിയില്‍ സാന്നിധ്യമുറപ്പിക്കാനും റിയല്‍മി ലക്ഷ്യമിടുന്നു.

Top