റിയല്‍മി വി5 5ജി ഫോണ്‍ ചൈനയില്‍ പുറത്തിറങ്ങി

റിയല്‍മി വി5 5 ജി സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ പുറത്തിറങ്ങി. റിയല്‍മിയുടെ ആദ്യത്തെ മിഡ് റേഞ്ച് 5 ജി സ്മാര്‍ട്ട്ഫോണാണ്. റിയല്‍മി വി5 സ്മാര്‍ട്ട്‌ഫോണ്‍ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ വേരിയന്റ് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതാണ്. ഈ വേരിയന്റിന് സിഎന്‍വൈ 1,499 (ഏകദേശം 16,000 രൂപ) വിലയുണ്ട്. രണ്ടാമത്തേത് 8 ജിബി / 128 ജിബി കോണ്‍ഫിഗറേഷനുള്ള വേരിയന്റാണ്. ഈ മോഡലിന് സിഎന്‍വൈ 1,899 (ഏകദേശം 20,500 രൂപ) വിലയുണ്ട്. ഓഗസ്റ്റ് 7 മുതല്‍ ചൈനയില്‍ ഗ്രീന്‍, ബ്ലൂ, സില്‍വര്‍ നിറങ്ങളില്‍ ഈ ഡിവൈസ് ലഭ്യമാകും.

5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഒരു മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണാണ് റിയല്‍മി വി5. മീഡിയടെക് ഡൈമെന്‍സിറ്റി 720 ചിപ്സെറ്റാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്. 5 ജി മോഡം ഓണ്‍ബോര്‍ഡാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും വരെയുള്ള ഡിവൈസില്‍ ലഭ്യമാണ്. 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും നല്‍കിയിട്ടുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണിന് 6.5 ഇഞ്ച് എഫ്എച്ച്ഡി + എല്‍സിഡി ഡിസ്പ്ലേയാണ് നല്‍കിയിട്ടുള്ളത്.

ആന്‍ഡ്രോയിഡ് 10 ബേസ്ഡ് റിയല്‍മി യുഐയിലാണ് ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. വലതുവശത്തുള്ള പവര്‍ ബട്ടണില്‍ തന്നെ ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. 30W വരെ ചാര്‍ജ് ചെയ്യുന്ന 5000mAh ബാറ്ററിയാണ് റിയല്‍മി വി5 സ്മാര്‍ട്ട്‌ഫോണിലുള്ളത്

സ്മാര്‍ട്ട്‌ഫോണിനു പിന്നില്‍ നാല് ക്യാമറകളും മുന്‍വശത്ത് ഒരു ക്യാമറയും നല്‍കിയിട്ടുണ്ട്. 48 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവയാണ് പിന്നിലെ ക്വാഡ് ക്യാമറ സെറ്റപ്പിലുള്ളത്. സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ഷൂട്ടര്‍ പഞ്ച്-ഹോളിനുള്ളില്‍ നല്‍കിയിട്ടുണ്ട്.

Top