മീഡിയാടെക്ക് ഹീലിയോ പി70 പ്രൊസസറുമായെത്തുന്ന ആദ്യ ഫോണ്‍ റിയല്‍മി

മീഡിയാടെക് ഹീലിയോ പി 70 പ്രൊസസര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് അവതരിപ്പിച്ചത്. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി ആയിരിക്കും പുതിയ പ്രൊസസര്‍ ഉപയോഗിച്ചുള്ള ആദ്യ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുകയെന്ന് കമ്പനിയുടെ ട്വിറ്റര്‍ പോസ്റ്റിലൂടെ അറിയിച്ചു. പ്രത്യേകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എഞ്ചിനോടുകൂടിയുള്ള പി 70 പ്രൊസസറാണ് മീഡിയാടെക് ഹീലിയോ പി70 പ്രൊസസര്‍. നിലവില്‍ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലുള്ള ചിപ്പ് നവംബറിലാണ് മൊബൈല്‍ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ലഭ്യമായിത്തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.

ടിഎസ്എംസിയുടെ 12എന്‍എം ഫിന്‍ഫെറ്റ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് മീഡിയാ ടെക് ഹീലിയോ പി 70 പ്രൊസസര്‍. ഇതില്‍ നാല് 2.1GHz ARM CortexA73 കോറുകളും നാല് 2.0 GHz ARM CortexA53 കോറുകളും ഉള്‍പ്പെടുന്നു. 900 MHz വരെ ക്ലോക്ക് സ്പീഡിലുള്ള എആര്‍എം മാലിജി72 എംപി3 ജിപിയു ആണ് ഇതിലുള്ളത്. പി60 പ്രൊസസറിനേക്കാള്‍ 13 ശതമാനം വേഗം പുതിയ പ്രൊസസറിനുണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊസസിങിന് വേണ്ടി 525 MHz എപിയു ഇതിനുണ്ട്. മീഡിയാടെക്കിന്റെ തന്നെ ന്യൂറോപൈലറ്റ് പദ്ധതിയുടെ ഭാഗമാണ് ഇത്. 32 മെഗാപിക്‌സലിന്റെ സിംഗിള്‍ ക്യാമറയും, 24 + 16 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ക്യാമറയും പി70 പ്രൊസസറില്‍ പ്രവര്‍ത്തിക്കും മൂന്ന് ഇമേജ് സിഗ്‌നല്‍ പ്രൊസസറുകളാണ് നല്‍കിയിട്ടുള്ളത്.

Top