5ജി ലീഡര്‍ ആവാൻ റിയല്‍മി; പുത്തൻ 5ജി സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍

പുത്തൻ 5ജി സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് റിയല്‍മി. റിയല്‍മി എക്‌സ് 7 5ജി, റിയല്‍മി എക്‌സ് 7 പ്രോ 5ജി ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. സ്‌പേസ് സില്‍വര്‍, നെബുല എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് റിയല്‍മി എക്‌സ് 7 5ജി ഫോണ്‍ പുറത്തിറങ്ങുന്നത്. രാജ്യത്തെ 5ജി ലീഡര്‍ ആവാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിയല്‍മി പറയുന്നത്. ആറ് ജിബി + 128 ജിബി പതിപ്പിന് 19,999 രൂപയാണ് വില. എട്ട് ജിബി റാം + 128 ജിബി പതിപ്പിന് 21,999 രൂപയുമാണ് വില. ഫെബ്രുവരി 12 മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും റിയല്‍മിയുടെ വെബ്‌സൈറ്റിലും ഫോണ്‍ വില്‍പനയ്‌ക്കെത്തും.

അതേസമയം, റിയല്‍മി എക്‌സ് 7 പ്രോ 5ജിയ്ക്ക് 29,999 രൂപയാണ് വില. ഫാന്റസി ബ്ലാക്ക്, മിസ്റ്റിക് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക. എട്ട് ജിബി + 128 ജിബി പതിപ്പ് മാത്രമാണ് ഈ ഫോണിനുള്ളത്. ഫെബ്രുവരി 10-ന് ഈ ഫോണ്‍ വില്‍പനയ്‌ക്കെത്തും. ബഡ്ജറ്റ് വിഭാഗം മുതല്‍ ഫ്‌ളാഗ്ഷിപ്പ് വിഭാഗം വരെ എല്ലാ വിഭാഗങ്ങളിലും തങ്ങള്‍ 5ജി ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിയല്‍മിയുടെ പ്രഖ്യാപനം.

റിയല്‍മി എക്‌സ് 7 5ജി

ഏറ്റവും പുതിയ മീഡിയ ടെക് ഡൈമെന്‍സിറ്റി 800യു പ്രൊസസര്‍ ചിപ്പില്‍ പുറത്തിറങ്ങുന്ന രാജ്യത്തെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണ് റിയല്‍മി എക്‌സ് 7 5ജി. 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് സ്‌ക്രീനില്‍ പഞ്ച് ഹോള്‍ മാതൃകയില്‍ സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നു. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സറാണ് ഫോണിനുള്ളത്. 50 വാട്ട് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ് സാങ്കേതിക വിദ്യയിലൂടെ 4310 എംഎഎച്ച് ബാറ്ററി 47 മിനിറ്റില്‍ മുഴുവന്‍ ചാര്‍ജ് ചെയ്യാനാവും. 64 എംപി, 8 എംപി അള്‍ട്രാ വൈഡ് ആംഗിള്‍, രണ്ട് എംപി മാക്രോ സെന്‍സറുകള്‍ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സംവിധാനമാണിതില്‍.

റിയല്‍മി എക്‌സ് 7 പ്രോ 5ജി

റിയല്‍മി എക്‌സ് 7 പ്രോ 5ജിയില്‍ മീഡിയ ടെക്ക് ഡൈമെന്‍സിറ്റി 1000+ 5ജി പ്രൊസസര്‍ ചിപ്പാണ് ഉപയോഗിച്ചിട്ടുള്ളത്. രണ്ട് 5ജി സിം കാര്‍ഡുകള്‍ ഇതില്‍ ഉപയോഗിക്കാനാവും. 5ജി പ്ലസ് വൈഫൈ മള്‍ടിപ്പിള്‍ നെറ്റ് വര്‍ക്ക് ആക്‌സിലറേഷന്‍ സൗകര്യവുമുണ്ട്. 4500 എംഎഎച്ച് ശേഷിയിലുള്ള ബാറ്ററിയില്‍ 65 വാട്ട് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ് സാങ്കേതിക വിദ്യയും നല്‍കിയിരിക്കുന്നു. 6.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണിതില്‍. 120 റിഫ്രഷ് റേറ്റുണ്ട്. ക്വാഡ് റിയര്‍ ക്യാമറയാണിതിന്. ഇതിലെ 64 എംപി വൈഡ് ആംഗിള്‍ ക്യാമറ സോണിയുടെ ഐഎംഎക്‌സ് 686 ഫ്‌ളാഗ്ഷിപ് സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്.

Top