റിയല്‍മി സി35 ഇന്ത്യയില്‍ ഇറങ്ങുന്നു; വിലയും പ്രത്യേകതയും

റിയല്‍മീയുടെ വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയാണ് റിയല്‍മി സി സീരിസ്. ഇതിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ റിയല്‍മീ സി35  മാര്‍ച്ച് ഏഴിന് പുറത്തിറക്കും എന്നാണ് റിയല്‍മി അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 7ന് ഫ്ലിപ്പ്കാര്‍ട്ട്  വഴിയായിരിക്കും ഈ ഫോണ്‍ പുറത്തിറങ്ങുക. സി35 ഏറ്റവും പുതിയ ഡിസൈനും, പുത്തന്‍ ഡിസ്പ്ലേയിലുമാണ് ഇറങ്ങുന്നത്. കൂടിയ ബാറ്ററിയും, കരുത്തുറ്റ പ്രകടനവും, കൃത്യതയാര്‍ന്ന ക്യാമറ പ്രകടനവും ഈ ഫോണ്‍ നല്‍കും എന്നാണ് റിയല്‍മി അവകാശവാദം.

50 എംപി എഐ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഈ ഫോണിന് പിന്നില്‍ ഉണ്ടാകുക. സി സീരിസിലെ ആദ്യത്തെ 6.6 ഇഞ്ച് എഫ്എച്ച്ഡി സ്ക്രീനോടെയാണ് ഈ ഫോണ്‍ എത്തുക. ഏറ്റവും നേരിയതും, ഏറ്റവും ഭാരക്കുറവും ഉള്ള സി സീരിസ് ഫോണായിരിക്കും ഇത്- ഇതൊക്കെയാണ് റിയല്‍മി അവകാശവാദം.

ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കും ഈ ഫോണിന് ഉണ്ടാകുക. 4,500 എംഎഎച്ച് ബാറ്ററി ശേഷിയാണ് ഈ ഫോണിന് ഉണ്ടാകുക. 18W ചാര്‍ജര്‍ ഫോണിനൊപ്പം ബോക്സില്‍ റിയല്‍മി സി35 നല്‍കുന്നു. 3.5 എംഎം ഓഡിയോ ജാക്ക് ഈ ഫോണിന് ഉണ്ട്.

സി 35 അല്ലാതെ സീരിസ് 9 സ്മാര്‍ട്ട്ഫോണും ഇന്ത്യന്‍ വിപണിയില്‍ റിയല്‍മി ഇറക്കും എന്നാണ് വിവരം. മാര്‍ച്ച് 10നായിരിക്കും നോണ്‍ പ്രോ സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയില്‍ പെടുന്ന രണ്ട് പുതിയ ഫോണുകള്‍ ഇറങ്ങുക. പുതിയ സ്മാര്‍ട്ട് വാച്ചും ഇതിനൊപ്പം പുറത്തിറങ്ങും എന്നാണ് സൂചന.

150 W ചാര്‍ജിംഗ് സംവിധാനമുള്ള ജിടി 2 പ്രോ കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2022 വില്‍ റിയല്‍മി അവതരിപ്പിച്ചിരുന്നു. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പ് സെറ്റ് ഈ ഫോണിനല്‍ ഉണ്ട്. ഇതിന് പുറമെ ജിടി നിയോ 3 എന്ന സ്മാര്‍ട്ട്ഫോണും റിയല്‍മി പ്രഖ്യാപിച്ചിട്ടുണ്ട്.

റിയല്‍മി സി35 നേരത്തെ പുറത്തിറങ്ങിയ തായ്ലാന്‍റില്‍ 13,200 രൂപയ്ക്കാണ് ഈ ഫോണിന്‍റെ വില ആരംഭിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഏതാണ്ട് 11,000 രൂപയ്ക്ക് അടുത്ത് അടിസ്ഥാന വില ഈ ഫോണിന് പ്രതീക്ഷിക്കുന്നു. അതേ സമയം ഇതിന്‍റെ കൂടിയ പതിപ്പിന് 14,000 രൂപയോളമാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്.

 

Top