ജനസംഖ്യ വര്‍ധനയല്ല തൊഴിലില്ലായ്മയാണ് ഇന്ത്യ നേരിടുന്ന യഥാര്‍ഥ പ്രശ്നം: ഒവൈസി

നൈസാമാബാദ് (തെലങ്കാന): ജനസംഖ്യ വര്‍ധനയല്ല തൊഴിലില്ലായ്മയാണ് ഇന്ത്യ നേരിടുന്ന യഥാര്‍ഥ പ്രശ്നമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.

ജനസംഖ്യാ നിയന്ത്രണത്തിന് ഉടന്‍ നിയമനിര്‍മ്മാണം വേണമെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു. എനിക്കും രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ട്. നിരവധി ബിജെപി നേതാക്കളുടെ കാര്യവും അങ്ങനെതന്നെയാണെന്നും ഒവൈസി പറഞ്ഞു. മുസ്ലീം വിഭാഗത്തിനിടയില്‍ ജനസംഖ്യാ നിയന്ത്രണമില്ലെന്ന് ആര്‍എസ്എസ് എക്കാലത്തും പറയുന്ന കാര്യമാണെന്നും അദ്ദേഹം ആരോപിച്ചു.

2014 ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം എത്ര യുവാക്കള്‍ക്ക് തൊഴില്‍ നല്‍കി എന്ന് ചോദിച്ച ഒവൈസി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പരാജയപ്പെട്ടവെന്നും കുറ്റപ്പെടുത്തി.

തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍മൂലം 2018 ല്‍ രാജ്യത്ത് ഓരോ ദിവസവും 36 യുവാക്കള്‍ വീതമാണ് ആത്മഹത്യ ചെയ്തത്. ആര്‍ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് ആര്‍എസ്എസ് രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന ആവശ്യം ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top