എതിരില്ലാത്ത രണ്ടു ഗോളിന് മലാഗയെ തോൽപിച്ച് ലാ ലിഗ കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കി

മാഡ്രിഡ്: എതിരില്ലാത്ത രണ്ടു ഗോളിന് മലാഗയെ തോൽപിച്ച് ലാ ലിഗ കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസേമയും ഗോളുകളുമായി കളം നിറഞ്ഞപ്പോൾ മലാഗ കളിക്കളത്തിലെ കാഴ്ച്ചക്കാർ മാത്രമായ് മാറി.

ലീഗിലെ 38 കളികളും പൂർത്തിയായപ്പോൾ റയൽ നേടിയത് 93 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സയ്ക്ക് 90 പോയിന്റുമായി തൃപ്തിപ്പെടേണ്ടി വന്നു. മൂന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോയ്ക്ക് 78 പോയിന്റാണുള്ളത്.

അവസാന മത്സരം തോൽക്കാതിരുന്നാൽ പോലും കിരീടം എന്ന ലക്ഷ്യവുമായിറങ്ങിയ റയൽ പക്ഷേ അങ്ങനെ പേരിനു ജയിക്കാനായല്ല വന്നതെന്ന തരത്തിലാണ് ആദ്യം മുതൽ കളിച്ചത്.

വിജയത്തോടെ കിരീടനേട്ടം ആഘോഷിക്കുമെന്ന് തീരുമാനിച്ചുറപ്പിച്ചതുപോലെയായിരുന്നു അവരുടെ ഓരേ നീക്കങ്ങളും. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ മലാഗൻ പ്രതിരോധക്കോട്ട നെടുകെപിളർന്ന് ഇസ്കോ നൽകിയ പാസ് റൊണാൾഡോ തെല്ലും പിഴക്കാതെ ലക്ഷ്യത്തിലെത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കരിം ബെൻസേമയും ലക്ഷ്യം കണ്ടതോടെ റയലിന്‍റെ നില സുരക്ഷിതമായി. 55ാം മിനിറ്റിലാണ് ബെൻസേമ വിജയത്തിലേക്കുള്ള ഗോൾ നേടിയത്.

Top