പ്രീ സീസണ്‍ മത്സരങ്ങളില്‍ തോല്‍വി തുടര്‍ക്കഥയാക്കി റയല്‍

മ്യൂണിക്ക്: പ്രീ സീസണ്‍ മത്സരങ്ങളില്‍ റയലിന്റെ തോല്‍വി തുടര്‍ക്കഥയാവുന്നു. മ്യൂണിക്കില്‍ ടോട്ടനവുമായി നടന്ന പ്രീ സീസണ്‍ മത്സരത്തിലും റയല്‍ പരാജയപ്പെട്ടു. ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ പരാജയപ്പെട്ടത്.

ഇംഗ്ലീഷ് താരം ഹാരി കെയ്‌നാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. റയല്‍ പ്രതിരോധ താരം മാഴ്‌സലോയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. സൈഡ് ലൈന്‍ കടന്നുപോകുമായിരുന്ന പന്തിനെ ത്രോ ഒഴിവാക്കാന്‍ കളത്തിലേക്ക് മാഴ്‌സിലോ തട്ടിയിട്ടതാണ് ഗോളിനു വഴിതുറന്നത്. റയല്‍ ബോക്‌സിലേക്കുവന്ന പന്ത് കെയ്ന്‍ ഓടിപ്പിടിച്ച് ഗോളിയേയും മറികടന്ന് വലയിലാക്കുകയായിരുന്നു.

സിദാന്റെ ടീം ഇതുവരെ നാല് വാം അപ് കളികളില്‍ മൂന്നിലും പരാജയപ്പെട്ടു. 13 ഗോളുകളും വഴങ്ങി.തങ്ങള്‍ തോല്‍വി അര്‍ഹിച്ചിരുന്നതാണെന്ന് റയല്‍ മധ്യനിരതാരം ടോണി ക്രൂസ് പറഞ്ഞു. ശരിയാണ്, ഇപ്പോള്‍ തങ്ങള്‍ നല്ല നിലയിലല്ല. എന്നാല്‍ ശക്തമായി മടങ്ങിവരുമെന്നും ടോണി ക്രൂസ് പറഞ്ഞു.

Top