ലോകത്തെ മികച്ച ഫുട്‌ബോള്‍ മാന്ത്രികരെ സൃഷ്ടിച്ച ബര്‍ണാബ്യൂവിന്റെ റയല്‍ മാഡ്രിഡ്. . .

ലോകത്ത് ഏറ്റവുമധികം ആളുകളുടെ പ്രിയ്യപ്പെട്ട വിനോദമാണ് ഫുട്ബോള്‍. ഇതിലെ രാജാക്കന്മാരാണ് സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡ്. ലോകത്ത് വലിയ ആരാധനപ്പടയാണ് ഇവര്‍ക്കുള്ളതെന്ന് നിസ്സംശയം പറയാം. 201.9 മില്യണ്‍ ആളുകളാണ് സോഷ്യല്‍ മീഡിയകളിലൂടെ റയല്‍ മാഡ്രിഡിനെ ഫോളോ ചെയ്യുന്നത്. സ്പാനിഷ് ക്ലബായ ബാഴ്സിലോണയാണ് സോഷ്യല്‍ മീഡിയയിലെ രണ്ടാമന്‍.

റെയല്‍ മാഡ്രിഡ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിലേക്കുള്ള കൂടുമാറ്റമാണ്. 100 മില്യണ്‍ യൂറോയ്ക്കാണ് റയല്‍ മാഡ്രിഡില്‍ നിന്നും ഇറ്റാലിയന്‍ ക്ലബായ യുവന്റസ് ക്രിസ്ററ്യാനോയെ സ്വന്തമാക്കിയത്. 2009ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചെസ്റ്ററില്‍നിന്നും അന്നത്തെ റെക്കോര്‍ഡ് തുകയായ 94 മില്യണ്‍ യൂറോയ്ക്കായിരുന്നു റയല്‍ മാഡ്രിഡില്‍ എത്തിയത്. റയല്‍ മാഡ്രിഡിനായി 438 മത്സരങ്ങള്‍ കളിച്ച അദ്ദേഹം തന്നെയാണ് ക്ലബിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരന്‍.

2010ല്‍ ഗാരെത് ബൈലിനെ 100 മില്യണ്‍ യൂറോയ്ക്ക് ടീമിലെത്തിച്ചത് അന്നുണ്ടായിരുന്ന ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ് തിരുത്തിയാണ്

റയലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പാടുണ്ടാവുക സാന്റിയാഗോ ബര്‍ണാബ്യൂ ഡി യെസ്റ്റെ എന്ന പ്രസിഡന്റിനോടായിരിക്കും .1945ല്‍ റയലിനു സ്വന്തം മൈതാനം എന്ന സ്വപ്നം യാഥാര്‍ത്ഥമാക്കിയത് ഇദ്ദേഹമായിരുന്നു. ആദരവ് സൂചകമായി അദ്ദേഹത്തിന്റെ പേരായിരുന്നു മൈതാനത്തിന് നല്‍കിയത്. ഈ മൈതാനത്ത് നിന്നാണ് റയലിന്റെ യഥാര്‍ത്ഥ വളര്‍ച്ച.

ലോകത്തിലെ തന്നെ മികച്ച താരങ്ങളായിരുന്ന അര്‍ജന്റീനയുടെ ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ , പുഷ്‌കാസ്, ഐകര്‍ കാസിയസ്, റൗള്‍ ഗൊണ്‍സാലെസ്, റോബര്‍ട്ടോ കാര്‍ലോസ് , ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ, സിനദിന്‍ സിദാന്‍, ഡേവിഡ് ബെക്കാം, ലൂയിസ് ഫിഗോ, നിക്കോളാസ് അനെല്‍ക, റിക്കാര്‍ഡോ കക്ക, ഇവരെല്ലാം റയല്‍ മാഡ്രിഡിന്റെ ജഴ്‌സി അണിഞ്ഞവരാണ്.

1902 മാര്‍ച്ച് 6 ന് അഡോള്‍ഫ് മേലെന്‍ഡസ്, ജുആന്‍ പെഡ്രോസ്, ജൂലിയന്‍ പലാസിയോ, കാര്‍ലോസ് പെഡ്രോസ് എന്നിവര്‍ ചേര്‍ന്ന് രൂപം കൊടുത്ത റയല്‍ മാഡ്രിഡ് ഇന്ന് ലോകത്തിലെ ക്ലബ്ബുകളില്‍ വരുമാനടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു . ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ യൂണൈറ്റഡാണ് ഒന്നാം സ്ഥാനത്ത്. ഫ്‌ലോരെന്റിനോ പേരെസ് ആണ് നിലവിലെ പ്രസിഡണ്ട്.

സ്പാനിഷ് ലീഗ് ആയ ലാലിഗയില്‍ 1931ല്‍ ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍ ആയാണ് റെയല്‍ മടങ്ങിയത് . അതിനു ശേഷം 2017 വരെയുള്ള സീസണുകളില്‍ 33 തവണയാണ് ഇവര്‍ കപ്പില്‍ മുത്തമിട്ടത് . യൂറോപ്പിലെ ടോപ് ഡിവിഷന്‍ ക്ലബുകള്‍ അണിനിരക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ കപ്പുയര്‍ത്തിയതും റിയല്‍ മാഡ്രിഡ് തന്നെ. 13 തവണ. . 1956ല്‍ ആരംഭിച്ച ചാമ്പ്യന്‍സ് ലീഗിലെ ആദ്യത്തെ തുടര്‍ച്ചയായ 5 ടൂര്‍ണമെന്റുകളില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍മാരായാണ് മടങ്ങിയത്. മൂന്ന് പ്രാവിശ്യം റണേഴ്‌സ്അപ്പ് ആവാനും റയലിന് സാധിച്ചു.

കോപ്പ ഡെല്‍ റേ 19 പ്രവിശ്യവും, യുവേഫയുടെ യൂറോപ്പ കപ്പ് രണ്ടുപ്രാവശ്യവും, യുവേഫ സൂപ്പര്‍ കപ്പ് നാല് തവണയും , ഇന്റര്‍നാഷണല്‍ കപ്പ് മൂന്ന് വട്ടവും സാന്റിയാഗോ ബര്‍ണാബ്യൂവിലെ ഷോക്കേസില്‍ എത്തിക്കാന്‍ റയല്‍ മാഡ്രിഡിനായി .

ഈ കഴിഞ്ഞ ഫിഫ വേള്‍ഡ് കപ്പ് സമയത്തും നിറഞ്ഞു നിന്നത് റയല്‍ മാഡ്രിഡ് താരങ്ങളായിരുന്നു. ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചായിരുന്നു അതില്‍ പ്രധാനി. ഈ താരമായിരുന്നു വേള്‍ഡ് കപ്പിലെ മാന്‍ ഓഫ് ദി സീരിയസ് അവാര്‍ഡും കഴിഞ്ഞ വര്‍ഷത്തെ ഫിഫ ബാലന്‍ ഡിഓര്‍ അവാര്‍ഡ് ജേതാവും .

കഴിഞ്ഞ ഡിസംബര്‍ 22നു അബുദാബിയില്‍ നടന്ന ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ കിരീടം ചൂടിയതും റിയല്‍ മാഡ്രിഡ് തന്നെ. ഇത് നാലാം തവണയാണ് ക്ലബ് വേള്‍ഡ് കപ്പില്‍ മുത്തമിടുന്നത് . അല്‍ ഐന്‍ എഫ്സിയെയായിരുന്നു ഫൈനലില്‍ റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്.

Top