real madrid beats bayern munich to advance in uefa champions league

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ കടന്നു.

രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഇതോടെ രണ്ടു പാദങ്ങളില്‍ നിന്നുമായി 63ന്റെ ജയത്തോടെ റയല്‍ സെമിയില്‍ പ്രവേശിച്ചു.
ഹാട്രിക് ഗോളിനൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും റൊണാള്‍ഡോ കൈവരിച്ചു.

എവേ മത്സരത്തില്‍ 21ന്റെ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് റയല്‍ കളത്തിലിറങ്ങിയത്. റയലിന്റെ മൈതാനമായ സാന്റിയാഗൊ ബര്‍ണബ്യുവില്‍ നടന്ന പോരാട്ടത്തിന്റെ 53ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. റയലിന്റെ കാസെമിറോയുടെ ഫൗളിന് പിഴയായി ലഭിച്ച പെനാല്‍റ്റി മ്യൂണിക്ക് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഗോളാക്കി മാറ്റുകയായിരുന്നു. എന്നാല്‍ 76ാം മിനിറ്റില്‍ റൊണാള്‍ഡോ സമനില പിടിച്ചു. തൊട്ടടുത്ത മിനിറ്റില്‍ റാമോസ് സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ബയേണ്‍ ലീഡ് നേടി.

ഒരു ഗോളിന്റെ ലീഡോടെ മുന്നേറിയ ബയേണ്‍ 84ാം മിനിറ്റില്‍ പത്തുപേരായി ചുരുങ്ങി. ചിലിയന്‍ സ്‌ട്രൈക്കര്‍ അര്‍തുറോ വിദാല്‍ ചുവപ്പുകാര്‍ഡു കണ്ടു പുറത്തായതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇതോടെ റയല്‍ ശക്തമായി കളിച്ചു. അധികസമയത്തേക്ക് നീണ്ട കളിയില്‍ 104, 109 മിനിറ്റുകളില്‍ റൊണാള്‍ഡോയും 112ാം മിനിറ്റില്‍ അസെന്‍സിയോയും ഗോള്‍ നേടിയതോടെ ബയേണ്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

Top