അത്ലറ്റിക്കോയെ മറികടന്ന് റയൽ മഡ്രിഡ്

മാഡ്രിഡ്: അത്‌ലറ്റിക്കോയെ തോൽപ്പിച്ച് മാഡ്രിഡ് ഡർബിയിൽ റയൽ മാഡ്രിഡിന് മിന്നും ജയം. ഈ സീസണിൽ തുടർ വിജയങ്ങളുമായി മുന്നേറുന്ന റയൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ തുടക്കത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡായിരുന്നു കളി നിയന്ത്രിച്ചതെങ്കിലും കിട്ടിയ ആദ്യ അവസരം തന്നെ ഗോളാക്കി റയൽ ലീഡെടുത്തു. 18ാം മിനുറ്റിൽ ചൗമെനി നൽകിയ കൃത്യമായ ലോബ് ബോൾ ഡിഫൻസിനെ മറികടന്ന് മുന്നേറിയ റോഡ്രിഗോ ഫസ്റ്റ് ടച്ചിൽ ലക്ഷ്യത്തിൽ എത്തിച്ചു. ഗോൾ വഴങ്ങിയതിന് ശേഷം അത്‌ലറ്റിക്കോ ആക്രമണം കൂടുതൽ ശക്തമാക്കിയെങ്കിലും 36ാം മിനുറ്റിൽ ഫെദ്‌റിക്കോ വല്‌വർദേ റയലിനായി രണ്ടാം ഗോൾ നേടി.

ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിലെത്തിയതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ റയലിനെ രണ്ടാംപകുതിയിൽ അത്‌ലറ്റിക്കോ കടന്നാക്രമിച്ചു. മത്സരത്തിലുടനീളം അത്‌ലറ്റിക്കോ 12 ഷോട്ടുകളാണ് പായിച്ചത്. അടിപതറാതെ നിന്ന റയലിന്റെ പ്രതിരോധ നിര അത്‌ലറ്റിക്കോയുടെ ആക്രമണത്തിന് മുന്നിൽ 83ാം മിനുറ്റിൽ വീണു. ഒരു കോർണർ കിക്കിൽ നിന്നായിരുന്നു അത്‌ലറ്റിക്കോയുടെ ആശ്വാസഗോൾ. മരിയോ ഹെർമോസോണ് അത്‌ലറ്റിക്കോയ്ക്കായി വലകുലുക്കിയത്.

ഗോൾ നേട്ടത്തോടെ മത്സരം കൂടുതൽ ആവേശകരമാക്കി. ആവേശം കൈവിട്ടപ്പോൾ മത്സരത്തിന്റെ അവസാന മിനുറ്റിൽ അത്‌ലറ്റിക്കോയുടെ ഗോൾ സ്‌കോറർ ഹെർമോസോ ചുവപ്പ് കാർഡ് വാങ്ങി പോയത് അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടിയായി. റയൽ താരം ഡാനി സെബല്ലോസിനെ ഫൗൾ ചെയ്തതിനായിരുന്നു റഫറി ഹെർമോസിന് ചുവപ്പുകാർഡ് നൽകിയത്. ജയത്തോടെ ലീഗിൽ 18 പോയിന്റുമായി റയൽ ഒന്നാമതെത്തി. 16 പോയിന്റുള്ള ബാഴ്‌സലോണ രണ്ടാമതാണ്. 10 പോയിന്റ് മാത്രമുള്ള അത്‌ലറ്റിക്കോ നിലവിൽ പട്ടികയിൽ ഏഴാമതാണ്.

Top