സ്വന്തം തട്ടകത്തില്‍ സമനിലയിലൊതുങ്ങി റയല്‍

മാഡ്രിഡ്: സ്വന്തം തട്ടകത്തില്‍ ആരാധകരുടെ പിന്തുണ ആവോളം ലഭിച്ചിട്ടും സ്പാനിഷ് ലാ ലിഗയില്‍ മുന്‍ ചാംപ്യന്‍ റയല്‍ മാഡ്രിഡിന് സമനില മാത്രം. സീസണില്‍ ആദ്യമായി സാന്റിയാഗോ ബെര്‍ണബ്യൂവില്‍ പന്തു തട്ടിയ സിനദിന്‍ സിദാന്റെ കുട്ടികളെ റയല്‍ വല്ലാഡോളിഡാണ് 1-1ന് പിടിച്ചുകെട്ടിയത്.

82ാം മിനിറ്റില്‍ കരീം ബെന്‍സേമയുടെ സ്‌ട്രൈക്ക് റയലിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും സെര്‍ജി ഗാര്‍ഡിയോള (88) വല്ലാഡോളിഡിന് സമനില സമ്മാനിച്ചു. മത്സരത്തിലുടനീളം റയലിനായിരുന്നു മുന്‍തൂക്കം. 22 തവണ അവര്‍ വല്ലാഡോളിഡിന്റെ വലയെ ലക്ഷ്യംവച്ചു. പക്ഷേ, അവയില്‍ പല ഷോട്ടുകള്‍ക്കും മൂര്‍ച്ച കുറവായിരുന്നു.

പരുക്കേറ്റ ഈഡന്‍ ഹസാഡ് അടക്കം പുതിതായി ടീമിലെത്തിയ കളിക്കാരെ ഒഴിവാക്കിയാണ് റയല്‍ മത്സരം ആരംഭിച്ചത്. ജെയിംസ് റോഡ്രിഗസും ഗാരെത് ബെയ്ലും ഏറെക്കാലത്തിനുശേഷം ഒരുമിച്ച് ആദ്യ ഇലവനില്‍ ഇടംനേടിയെടുത്തു. ഇരുവരും മിന്നിക്കളിക്കുകയും ചെയ്തു.

ഒന്നാം പകുതിയില്‍ ബെയ്ലിന്റെ ഫസ്റ്റ് ടൈം ഷോട്ടും ഹെഡ്ഡറും പുറത്തേക്കുപോയി. റോഡ്രിഗസും ഒന്നുരണ്ടു തവണ ഗോളിനടുത്തെത്തിയെങ്കിലും വല്ലാഡോളിഡ് ഗോളി ജോര്‍ഡി മാസിപ് പ്രതിബന്ധം തീര്‍ത്തു. പകരക്കാരന്റെ റോളിലെത്തിയ ലൂക്ക ജോവിച്ചിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചതും റയലിന്റെ ദൗര്‍ഭാഗ്യങ്ങളില്‍പ്പെട്ടു.

മറുവശത്ത് വല്ലാഡോളിഡിന്റെ വാല്‍ഡോ റൂബിയോയുടെ ഗോള്‍ മോഹം റയല്‍ ഗോളി തിബൂട്ട് ക്വാര്‍ട്ട നിര്‍വീര്യമാക്കി. പതിനെട്ട് വാര അകലെ നിന്നുള്ള ഷോട്ടിലൂടെയാണ് ബെന്‍സേമ റയലിനെ മുന്നിലെത്തിച്ചത് (10). അതോടെ സ്പാനിഷ് ലീഗില്‍ 150 ഗോളുകള്‍ തികയ്ക്കുന്ന ആദ്യ ഫ്രഞ്ച് താരമായും ബെന്‍സേമ മാറി. എന്നാല്‍ റയലിന്റെ ലീഡ് അധികനേരം നിലനിന്നില്ല. എതിര്‍ ഗോള്‍ മുഖത്ത് ധാരാളം ഇടം കണ്ടെത്തിയ ഗാര്‍ഡിയോള റയലിനെ ഞെട്ടിച്ച് വല്ലാഡോളിനെ സമനിലയിലെത്തിച്ചു.

Top