വിജയ ഗോൾ അടിച്ച് റൊണാള്‍ഡോ ; ക്ലബ് ലോകകപ്പ് റയല്‍ മാഡ്രിഡിന് കിരീടം

അബുദാബി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകർപ്പൻ ഗോളിൽ ഫിഫ ക്ലബ് ലോകകപ്പ് റയല്‍ മാഡ്രിഡിന്.

ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ് ഗ്രെമിയോയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ കിരീടം സ്വന്തമാക്കിയത്.

കളിയിൽ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. പിന്നീട് മത്സരത്തിന്റെ 53-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ക്രിസ്റ്റ്യാനോയാണ് റയലിന്റെ വിജയഗോള്‍ നേടിയത്.

തുടക്കം മുതൽ മികച്ച മുന്നേറ്റം നേടിയ റയൽ ഗ്രെമിയോയുടെ ഒരു ഷോട്ട് പോലും പോസ്റ്റിലെത്താതെ പ്രതിരോധ കോട്ട തീര്‍ത്തതോടെ വിജയം ഉറപ്പിച്ചിരുന്നു.

2014-ന് ശേഷം റയല്‍ മുത്തമിടുന്ന മൂന്നാമത്തെ ക്ലബ് ലോക കപ്പാണിത്.

സ്പാനിഷ് ലീഗ്, യുവേഫ ചാംപ്യന്‍സ് ലീഗ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവ ഉൾപ്പെടെ ഈ വര്‍ഷം റയൽ നേടുന്ന അഞ്ചാമത്തെ കിരീടമാണ് ഇത്.

Top