റിയല്‍ ലൈഫ് പബ്ജി ടൂര്‍ണമെന്റിന് തുടക്കം കുറിക്കാന്‍ ഒരുങ്ങി കോടീശ്വരന്‍

സ്വകാര്യ ദ്വീപ് പബ്ജി യുദ്ധക്കളമാക്കാന്‍ ഒരുങ്ങി കോടീശ്വരന്‍. ഗെയിമിനോടുള്ള കടുത്ത ആരാധന മൂലം റിയല്‍ ലൈഫ് പബ്ജി ടൂര്‍ണമെന്റിന് തുടക്കം കുറിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പേര് വെളിപ്പെടുത്താത്ത ഈ കോടീശ്വരന്‍.

ആഡംബര ഷോപ്പിംഗ് സൈറ്റായ ഹഷ്ഹഷില്‍ വന്ന ഒരു പരസ്യമാണ് ഇത്തരത്തിലുള്ള ഒരു റിപ്പോര്‍ട്ട് പുറത്ത് വരാന്‍ കാരണം. ഒരു സ്വകാര്യ ദ്വീപില്‍ പബ്ജി ബാറ്റില്‍ഫീല്‍ഡ് നിര്‍മ്മിക്കുന്നതിന് തന്നെ സഹായിക്കാന്‍ സന്നദ്ധതയുള്ള ഗെയിം നിര്‍മ്മാതാക്കളെ തേടിക്കൊണ്ട് പേരു വെളിപ്പെടുത്താത്ത ഒരു കോടീശ്വരനാണ് പരസ്യം നല്‍കിയിരിക്കുന്നത്.

മത്സരത്തെപ്പറ്റി അവ്യക്തതയുണ്ടെങ്കിലും വിജയിക്കുന്നയാള്‍ക്ക് ലഭിക്കുക ഒരു ലക്ഷം യൂറോ ആണെന്നാണ് റിപ്പോര്‍ട്ട്. 12 മണിക്കൂര്‍ നീളുന്ന മത്സരത്തില്‍ മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണവും ക്യാമ്പിങ് സൗകര്യങ്ങളും ലഭിക്കും. മത്സരത്തില്‍ പരിക്കേല്‍ക്കാതിരിക്കാനായി എയര്‍സോഫ്റ്റ് തോക്കുകളാവും ഉപയോഗിക്കുക എന്നും കോടീശ്വരന്‍ പറയുന്നു.

ലോകം മുഴുവന്‍ പ്രചാരത്തിലുള്ള ഒട്ടനവധി ആരാധകരുള്ള ഗെയിമാണ് പബ്ജി. മൊബൈല്‍, പിസി വെര്‍ഷനുകളുള്ള പബ്ജി ഗെയിം ഇതുവരെ 50 മില്ല്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞുവെന്നാണ് കരുതപ്പെടുന്നത്. ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോലിനു കീഴില്‍ പബ്ജി കോര്‍പ്പറേഷന്‍ പുറത്തിറക്കിയ ഗെയിമിന് ഏതാണ്ട് 400 മില്ല്യണ്‍ കളിക്കാരുണ്ടെന്നാണ് കണക്ക്. പബ്ജി ഗെയിമിനോടുള്ള അഡിക്ഷന്‍ വളരെ ഗുരുതരമാണെന്ന് കണക്കാക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഈ ബാറ്റില്‍ഗ്രൗണ്ട് ഗെയിം നിരോധിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്.

Top