ഡല്‍ഹി പോലീസും, അഭിഭാഷകരും തമ്മിലെ കൂട്ടയിടിക്ക് കാരണമായ ‘വില്ലന്‍’ ഇവിടുണ്ട്

സാഗര്‍ ശര്‍മ്മ ഒരു പച്ച മഹീന്ദ്ര ഥാര്‍ ഓടിച്ച് ഉച്ചയോടെ തീസ് ഹസാരി കോടതി കോംപ്ലക്‌സിലേക്ക് എത്തുന്നു, ജയില്‍ വാന് അരികിലായി വാഹനം പാര്‍ക്ക് ചെയ്യുന്നു. ഇതിനെ എതിര്‍ത്ത പോലീസുകാരനോട് ഒന്നും രണ്ടും പറഞ്ഞ് കോര്‍ക്കുന്നു. അന്ന് മുതല്‍ ഇന്നുവരെ ഡല്‍ഹി പോലീസും, അഭിഭാഷകരും തമ്മിലുള്ള കൈയ്യാങ്കളിയില്‍ പരുക്കേറ്റത് 50ലേറെ പേര്‍ക്ക്.

നാല് ദിവസമായി ഡല്‍ഹി കോടതികളില്‍ അഭിഭാഷകര്‍ ജോലിക്കെത്തുന്നില്ല. ഡല്‍ഹി പോലീസുകാര്‍ മുന്‍പെങ്ങും ഇല്ലാത്ത വിധത്തില്‍ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധത്തിലും. ഇതിനെല്ലാം തുടക്കം കുറിച്ച അഭിഭാഷകനായ സാഗര്‍ ശര്‍മ്മയെയാണ് സോഷ്യല്‍ മീഡിയ വില്ലനാക്കി ഉയര്‍ത്തിക്കാണിക്കുന്നത്.

കൈവിട്ടുപോയ പ്രതിഷേധങ്ങളില്‍ ഈ 26കാരന് പറയാനുള്ളത് ഇതാണ് ‘ഒരു മോശം ഘട്ടമാണിത്. മാന്യമായി കൈകാര്യം ചെയ്‌തെങ്കില്‍ ഒഴിവാക്കാന്‍ കഴിയുന്ന പ്രശ്‌നം’, പോലീസും, അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം തുടരുമ്പോള്‍ ശര്‍മ്മ പ്രതികരിച്ചു. കാശുള്ള കുടുംബത്തില്‍ നിന്നും എത്തിയതിന്റെ അഹങ്കാരമെന്നൊക്കെയാണ് സോഷ്യല്‍ മീഡിയ ഇദ്ദേഹത്തെ കുറിച്ച് എഴുതുന്നത്.

എന്നാല്‍ താന്‍ സാധാരണക്കാരനാണെന്നും ഓടിച്ച വാഹനം സീനിയര്‍ അഭിഭാഷകന്‍ ലളിത് ശര്‍മ്മയുടേതാണെന്നും സാഗര്‍ പറയുന്നു. അടിയന്തരമായി കേസില്‍ ഹിയറിംഗിന് എത്തിയപ്പോഴാണ് വാഹനം ഈ വിധം പാര്‍ക്ക് ചെയ്തത്. പോലീസുകാരോട് വിശദീകരിച്ച് നോക്കിയെങ്കിലും അപമാനിക്കുകയും കൈയ്യേറ്റം ചെയ്‌തെന്നുമാണ് സാഗര്‍ ശര്‍മ്മ അവകാശപ്പെടുന്നത്.

Top