Real dirt lies in our minds, remove divisive views: Pranab Mukherjee

അഹമ്മദാബാദ്: അഴുക്കും മാലിന്യവും നിറഞ്ഞ് നില്‍ക്കുന്നത് തെരുവുകളില്ല നമ്മുടെ മനസ്സുകളിലാണെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി.

ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണവും ഭിന്നിപ്പുമുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവരുടെ മനസുകളിലാണെന്നും പ്രണബ് മുഖര്‍ജി. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുന്നതും പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിയ്ക്കുന്നതുമായ സമൂഹമായിരുന്നു ഗാന്ധിജിയുടെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സബര്‍മതി ആശ്രമത്തിലെ ആര്‍കൈവ്‌സ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിയ്ക്കുകയായിരുന്നു രാഷ്ട്രപതി.

സമൂഹത്തെ വിഭജിക്കുന്ന ചിന്തകളില്‍ നിന്നും നമ്മുടെ കാഴ്ചപ്പാടുകളെ മുക്തമാക്കാന്‍ സാധിക്കണം. ഇന്ത്യയെ ശുചിത്വമാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് പദ്ധതിയെ പ്രശംസിച്ച രാഷ്ട്രപതി രാജ്യത്തോടൊപ്പം നമ്മുടെ മനസ്സുകളും ശുദ്ധമാക്കി മഹാത്മജിയുടെ വീക്ഷണം പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു.

അന്ധകാരവും പരസ്പരമുള്ള അവിശ്വാസവും ഭയവുമാണ് ഇത്തരം കാര്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അഹിംസ, സംവാദം, യുക്തി തുടങ്ങിയവയ്ക്കുള്ള ശക്തി നമ്മള്‍ മറന്നു പോകരുത്. പൊതുഇടങ്ങളെ എല്ലാ തരത്തിലുമുള്ള അക്രമങ്ങളില്‍ നിന്നും മോചിപ്പിയ്ക്കണ്ടത് അനിവാര്യമാണ്. അക്രമരാഹിത്യം ഉറപ്പു വരുത്തുന്ന ഒരു സമൂഹത്തിന് മാത്രമേ എല്ലാ വിഭാഗം ജനങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കി സാമൂഹ്യ പുരോഗതി കൈവരിയ്ക്കാന്‍ കഴിയൂ. ‘ഹേ റാം’ എന്ന് ഉച്ചരിച്ച് മരണത്തെ നേരിട്ട ഗാന്ധി വലിയ പാഠങ്ങളാണ് പകര്‍ന്നു നല്‍കിയതെന്നും പ്രണബ് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

എല്ലാ ദിവസവും നമുക്ക് ചുറ്റും അപ്രതീക്ഷിതമായ അക്രമങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെയെല്ലാം കാതല്‍ അവിശ്വാസവും ഭയവും മനസ്സിലെ ഇരുട്ടുമാണ്. അക്രമങ്ങളെ ചെറുക്കുന്നതിന് വേണ്ടി നമ്മള്‍ പുതിയ രീതികള്‍ അവംലബിച്ചിട്ടുണ്ട്. എന്നിരുന്നാലും അഹിംസയുടേയും ചര്‍ച്ചകളുടേയും ശക്തി നാം വിസ്മരിക്കാന്‍ പാടില്ല. പ്രണബ് മുഖര്‍ജി പറഞ്ഞു. ദാദ്രി കൊല ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് അസഹിഷ്ണുതക്കെതിരെ രാഷ്ട്രപതി സംസാരിച്ചത്.

Top