ചാംപ്യന്‍സ് ലീഗില്‍ യുവന്റസിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്‌

ചാംപ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ യുവന്റസിനെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാനിറങ്ങിയ യുവന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവിലായിരുന്നു റയലിന്റെ തേരോട്ടം.

മൂന്നാം മിനിട്ടിലും 64ാം മിനിട്ടിലുമായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെ തുടര്‍ച്ചയായ 10 മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി. റൊണാള്‍ഡോയുടെ രണ്ടാം ഗോളിന് തൊട്ടുപിന്നാലെ യുവന്റസിന്റെ ഡിബാല ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. 10 പേരായി ചുരുങ്ങിയ യുവന്റസിനെ റയല്‍ അവരുടെ തട്ടകത്തില്‍ ചുരുട്ടിക്കെട്ടി. മാര്‍സലോ ആണ് റയലിന്റെ അടുത്ത സ്‌കോറര്‍.
മറ്റൊരു മത്സരത്തില്‍ സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളിന് ബയേണ്‍ മ്യൂണിക്ക് തോല്‍പ്പിച്ചു. ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച മത്സരത്തില്‍ ആദ്യഗോള്‍ നേടിയത് സെവിയ്യയായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ വന്ന സെല്‍ഫ് ഗോള്‍ സെവിയ്യക്ക് വിനയായി. പിന്നീട് രണ്ടാം പകുതിയില്‍ തിയാഗോയുടെ ഹെഡര്‍ ബയേണിന് ജയം സമ്മാനിച്ചു.

Top