വിധു വിനോദ് ചോപ്രയെ കണ്ട്, കണ്ണീരണിഞ്ഞ് യഥാര്‍ത്ഥ ’12ത് ഫെയില്‍ താരങ്ങള്‍’

ഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി വിധു വിനോദ് ചോപ്ര ഒരുക്കിയ 12ത് ഫെയില്‍ എന്ന ചിത്രം വളരെയധികം നിരൂപണ പ്രശംസ നേടിയ ചിത്രമാണ്. അനുരാഗ് പഥക്ക് എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ചിത്രമായിരുന്നു ഇത്. 12-ാംതരം പരാജയപ്പെടുകയും കഠിന പ്രയത്‌നത്തിലൂടെ യു.പി.എസ്.സി പരീക്ഷ വിജയിക്കുകയും ചെയ്ത മനോജ് ശര്‍മ, ശ്രദ്ധാ ജോഷി എന്നിവരുടെ ജീവിതകഥകൂടിയായിരുന്നു ചിത്രം. ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകന്‍ പോസ്റ്റ് ചെയ്ത ഒരു പഴയ വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോള്‍.

കഴിഞ്ഞ നവംബറില്‍ 12ത് ഫെയില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിധു വിനോദ് ചോപ്ര ഇന്‍സ്റ്റാഗ്രാമിലൂടെ പലതരം അപ്‌ഡേറ്റുകള്‍ പങ്കുവെച്ചിരുന്നു. അതില്‍പ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. 12ത് ഫെയിലിന്റെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് മനോജിനേയും ശ്രദ്ധയേയും തിരക്കഥാ വായനയില്‍ പങ്കാളികളാക്കിയിരുന്നു. തിരക്കഥ വായിച്ചതിനുശേഷം മനോജും ശ്രദ്ധയും സംവിധായകനെ കെട്ടിപ്പിടിച്ച് കരയുന്നതാണ് വീഡിയോയിലുള്ളത്. യഥാര്‍ത്ഥ ആളുകളെക്കുറിച്ചുള്ള സിനിമയായതിനാല്‍ സ്‌ക്രിപ്റ്റ് റീഡിങ് സെഷനില്‍ തനിക്ക് അല്പം ഭയമുണ്ടായിരുന്നെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.

”ഈ നിമിഷം ഞാന്‍ ഓര്‍ക്കുന്നു. ഇതെനിക്ക് വളരെ ആശ്വാസകരമായ നിമിഷമായിരുന്നു. ഈ യാത്ര എത്ര മനോഹരമായിരുന്നുവെന്ന് ഇത് കാണുമ്പോള്‍ മനസ്സിലാകും. ഇതുകണ്ടശേഷം ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ നിശ്ശബ്ദനായിപ്പോയി. വൈറല്‍ വീഡിയോയോടുള്ള പ്രതികരണമായി വിധു വിനോദ് ചോപ്ര പറഞ്ഞു. ശ്രദ്ധാ ജോഷിയും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുമെത്തി ഐ.പി.എസ് നേടുന്ന മനോജ് കുമാറിന്റെയും ശ്രദ്ധയുടേയും കഥയാണ് 12ത് ഫെയില്‍ പറഞ്ഞത്. ചിത്രത്തില്‍ ഒരു ചെറിയ രംഗത്തില്‍ ഇരുവരും വേഷമിടുന്നുമുണ്ട്. വിക്രാന്ത് മാസിയാണ് മനോജ് കുമാര്‍ ആയെത്തിയത്. മേധാ ഷങ്കറാണ് ശ്രദ്ധാ ജോഷിയായെത്തിയത്. അനന്ത് വി ജോഷി, അന്‍ഷുമാന്‍ പുഷ്‌കര്‍, പ്രിയാന്‍ഷു ചാറ്റര്‍ജി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റുപ്രധാനവേഷങ്ങളിലെത്തിയത്. ബോക്‌സോഫീസില്‍ അപ്രതീക്ഷിതവിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്.

Top