Ready to place the evidences against congress members in Parliament, says Jaitley

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള കേസുകളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്ന വാദത്തെ ശക്തമായി തള്ളി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരുമായ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും നേതാക്കന്മാരുടെയും കേസുകളുടെ തെളിവുകള്‍ പാര്‍ലമെന്റില്‍ വയ്ക്കാന്‍ തയാറാണെന്ന് ജയ്റ്റ്‌ലി അറിയിച്ചു. വിഷയങ്ങള്‍ ഏറ്റവും അടുത്ത അവസരത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതു കേസ് വേണമെങ്കിലും എടുക്കാം. പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്കു താന്‍ തയാറാണ്. കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണെങ്കില്‍ സിറ്റിങ് കോണ്‍ഗ്രസ് മുഖ്യമന്ത്രി, പഞ്ചാബിലെ പ്രചാരണം നയിക്കുന്ന മുന്‍ മുഖ്യമന്ത്രിയും കുടുംബവും മുന്‍ കേന്ദ്രമന്ത്രിയുടെ പ്രധാനപ്പെട്ട കുടുംബാംഗം, നാഷനല്‍ ഹെറാള്‍ഡ് കേസ്, അഗസ്റ്റ വെസ്റ്റ്‌ലാന്‍സ് അഴിമതി തുടങ്ങിയവയുടെ തെളിവുകള്‍ പാര്‍ലമെന്റില്‍ വയ്ക്കാന്‍ തയാറാണെന്നും ജയ്റ്റ്‌ലി അറിയിച്ചു.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് ഞങ്ങള്‍ സമ്മതിച്ചു.

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്രസിങ്ങിന്റെ അനധികൃത സ്വത്തുസമ്പാദനം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരായ നാഷനല്‍ ഹെറാള്‍ഡ് കേസ്, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെയുള്ള വിദേശ അക്കൗണ്ട് കേസ്, മുന്‍ ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കെതിരെയുള്ള ആദായനികുതിവകുപ്പ് കേസ്, സോണിയയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെയുള്ള അഗസ്റ്റാവെസ്റ്റ്‌ലാന്‍ഡ് കേസ് തുടങ്ങിയവയാണ് ജയ്റ്റ്‌ലി ഉന്നയിച്ചത്.

അതേസമയം, മാറ്റം കൊണ്ടുവരാനുള്ള ശ്രദ്ധയിലാണ് കേന്ദ്രസര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരക്കു-സേവന ബില്ലിനാണ് അജന്‍ഡയില്‍ പ്രധാനസ്ഥാനം.

കമ്പനി നിയമഭേദഗതി നടപ്പില്‍വരുത്തണം. അതില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കുമുന്‍പാകെയാണ്. കള്ളപ്പണത്തെ നേരിടാന്‍ ബിനാമി നിയമം കൊണ്ടുവരുമെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

Top