പരസ്പര ബഹുമാനത്തോടെ അമേരിക്കയുമായി സഹകരിക്കാൻ തയ്യാറെന്ന് ചൈന

ബീജിങ്: പരസ്പര ബഹുമാനം, സമാധാനപരമായ സഹവർത്തിത്വം ഉള്‍പ്പെടെയുള്ള വ്യവസ്ഥകളിന്‍മേൽ അമേരിക്കയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള വെര്‍ച്വല്‍ ഉച്ചകോടി അടുത്തയാഴ്ച നടക്കാനിരിക്കെയാണ് പ്രസ്താവന.

“ചൈന-യുഎസ് ബന്ധം നിലവില്‍ ചരിത്രപരവും നിർണായകവുമായ ഘട്ടത്തിലാണ്. ഏറ്റുമുട്ടലിലൂടെ ഇരു രാജ്യത്തിനും നഷ്ടങ്ങളും സഹകരണത്തിലൂടെ നേട്ടങ്ങളും മാത്രമേ ഉണ്ടാകൂ. പ്രാദേശികവും അന്തർദേശീയവുമായ പ്രശ്നങ്ങളും ആഗോള വെല്ലുവിളികളും അഭിമുഖീകരിക്കാൻ അമേരിക്കയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ചൈന ആഗ്രഹിക്കുന്നു”  ന്യൂയോർക്ക് ആസ്ഥാനമായ യുഎസ്-–-ചൈന റിലേഷൻസ് ദേശീയ സമിതിയെ അഭിസംബോധന ചെയ്ത കത്തിൽ ഷി ജിന്‍പിങ് പറഞ്ഞു.

ഇരു രാജ്യത്തെയും പ്രസിഡന്റുമാര്‍ തമ്മിലുള്ള വെർച്വൽ ഉച്ചകോടിക്കായുള്ള ഒരുക്കം തുടങ്ങിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടിക്കാഴ്ചയില്‍ പ്രകോപനപരമായ നിലപാടുകള്‍ ബൈഡൻ ഒഴിവാക്കുമെന്നാണ് സൂചന. കാലാവസ്ഥാ പ്രതിസന്ധി, കോവിഡ് മഹാമാരി എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തിയേക്കും.

Top