അതിഥി തൊഴിലാളികളെ സഹായിക്കാനായി യാചിക്കാനും തയ്യാര്‍; ട്വീറ്റ് ചെയ്ത് പ്രകാശ് രാജ്

prakash

ചെന്നൈ: ലോക്ക്ഡൗണില്‍പ്പെട്ട് സ്വന്തം നാട്ടിലേക്ക് പോകുന്ന അതിഥി തൊഴിലാളികളെ സഹായിക്കാന്‍ മുന്നോട്ട് വന്ന് നടന്‍ പ്രകാശ് രാജ്. അതിഥി തൊഴിലാളികളെ സഹായിക്കാനായി കടം വാങ്ങാനോ യാചിക്കാനോ താന്‍ തയ്യാറാണെന്ന് പ്രകാശ് രാജ് അറിയിച്ചു. പലായനം ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ചിത്രങ്ങള്‍ക്കൊപ്പം ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയവരെ ലോണ്‍ എടുത്തും സഹായിക്കുമെന്ന് പ്രകാശ് രാജ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കടം വാങ്ങാനോ യാചിക്കാനോ ഞാന്‍ തയ്യാറാണ്. പക്ഷേ മുന്നില്‍ക്കൂടി നടന്നുപോകുന്ന സഹപൗരന്മാരുമായി പങ്കുവെക്കുന്നത് തുടരുകതന്നെ ചെയ്യും. അവരത് മടക്കി നല്‍കില്ലായിരിക്കാം. പക്ഷേ സ്വന്തം വീട്ടില്‍ എത്തിച്ചേരുമ്പോള്‍ അവര്‍ പറയും, ഇവിടേക്ക് എത്തിച്ചേരാനുള്ള പ്രതീക്ഷയും പലവും നല്‍കിയ ഒരു മനുഷ്യനെ വഴിയില്‍ കണ്ടുമുട്ടിയെന്ന്’ #MigrantsOnTheRoad എന്ന ഹാഷ് ടാഗിനൊപ്പമാണ് പ്രകാശ് രാജിന്റെ പുതിയ ട്വീറ്റ്.

സ്വന്തം പേരിലുള്ള ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ലോക്ക് ഡൗണ്‍ കാലത്ത് നിരവധി കര്‍മ്മപരിപാടികള്‍ പ്രകാശ് രാജ് സംഘടിപ്പിച്ചിരുന്നു. മുപ്പതോളം ദിവസവേതനക്കാരെ തന്റെ ഫാം ഹൗസില്‍ അദ്ദേഹം സംരക്ഷിക്കുന്നുണ്ട്. ഇവരുടെ പേരില്‍ കുറച്ച് പണം നിക്ഷേപിക്കാന്‍ സാധിച്ചെന്നും മുന്‍പൊരു ട്വീറ്റില്‍ പ്രകാശ് രാജ് അറിയിച്ചിരുന്നു.

Top