മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ നഷ്ടം നികത്താന്‍ രണ്ട് അധിക ടി20ക്ക് തയ്യാര്‍; ഇസിബിയോട് ബിസിസിഐ

മുംബൈ: മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ നഷ്ടം നികത്താന്‍ രണ്ട് അധിക ടി20 കളിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് ബിസിസിഐ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡി(ഇസിബി)നെ അറിയിച്ചു. 2022 ജൂലൈയില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലാണ് രണ്ട് അധിക ടി20 മത്സരങ്ങള്‍ക്ക് ബിസിസിഐ സന്നദ്ധത അറിയിച്ചത്.

അഞ്ചാം ടെസ്റ്റിലെ തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ഇസിബി തയ്യാറാണെങ്കില്‍ രണ്ട് അധിക ടി20 മത്സരങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ”അടുത്ത ജൂലൈയില്‍ രണ്ട് അധിക ടി20 മത്സരങ്ങള്‍ക്ക് ഞങ്ങള്‍ സന്നദ്ധത അറിയിച്ചൂവെന്നത് ശരിയാണ്. മൂന്ന് ടി20യ്ക്ക് പകരം ഞങ്ങള്‍ അഞ്ച് ടി 20 കളിക്കും. പകരമായി, ഒറ്റത്തവണ ടെസ്റ്റ് കളിക്കാനും ഞങ്ങള്‍ തയ്യാറാകും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഇസിബിയാണ്” ജയ് ഷാ പറഞ്ഞു.

അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം മുടങ്ങിയതില്‍ വിശദീകരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഇന്ത്യന്‍ ക്യാമ്പില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതോടെയാണ് മത്സരം മാറ്റിവെച്ചതെന്നും ഐപിഎല്‍ അല്ല കാരണമെന്നുമായിരുന്നു ഗാംഗുലിയുടെ വിശദീകരണം.

 

 

Top