ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ കേട്ട കോണ്‍ഗ്രസ് കരുതിയത് വ്യാജ വാര്‍ത്തയെന്ന്!

manu-abhishek

രാവിലെ പത്രം തുറന്നവരെല്ലാം വായിച്ചത് ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന്. എന്നാല്‍ അബദ്ധത്തില്‍ ടിവി ഓണ്‍ ചെയ്തവര്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട് ഒന്ന് അമ്പരന്നു. മുന്‍ തെരഞ്ഞെടുപ്പിലെ ആണെന്ന് പോലും കരുതിയവരുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും അതില്‍ ഉള്‍പ്പെടും. നേതാവ് മനുഷ് അഭിഷേക് സിംഗ്വി ഇക്കാര്യം തുറന്ന് സമ്മതിക്കുകയും ചെയ്തു.

വിചിത്രമായ സംഭവങ്ങളാണ് മഹാരാഷ്ട്രയിലെ പുതിയ അധികാര ട്വിസ്റ്റെന്ന് അഭിഷേക് സിംഗ്വി ട്വീറ്റ് ചെയ്തു. ‘മഹാരാഷ്ട്രയെക്കുറിച്ച് വിചിത്രമായ കാര്യങ്ങളാണ് വായിച്ചറിഞ്ഞത്. വ്യാജ വാര്‍ത്തയാണെന്നാണ് കരുതിയത്. ഞങ്ങളുടെ ത്രികക്ഷി ചര്‍ച്ചകള്‍ ഏറെ നീണ്ടുപോയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം, മൂന്ന് ദിവസത്തില്‍ കൂടുതല്‍ അത് നീളാന്‍ പാടില്ലായിരുന്നു. തുറന്നുകിട്ടിയ വാതില്‍ വേഗത്തില്‍ സഞ്ചരിക്കുന്നവര്‍ കൈക്കലാക്കി. പവാര്‍ജി നിങ്ങള്‍ മഹാനാണ്‌ കാര്യങ്ങള്‍ സത്യമെങ്കില്‍ അതിശയകരം, ഇപ്പോഴും ഉറപ്പില്ല’, സിംഗ്വി വ്യക്തമാക്കി.

ഒരു മാസത്തോളം നീണ്ട രാഷ്ട്രീയ സ്തംഭനാവസ്ഥയാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ചടങ്ങോടെ നാടകീയമായ ട്വിസ്റ്റിലെത്തിയത്. ശരത് പവാറിന്റെ എന്‍സിപി പിന്തുണയുണ്ടെന്നാണ് കരുതുന്നത്. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി സത്യവാചകം ചൊല്ലിക്കൊടുത്തു.

സേനാ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ പ്രതീക്ഷിച്ച് ഇരിക്കവെ ബിജെപി അവസരം കൊത്തിക്കൊണ്ടുപോയതോടെ കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്ന് ഇരിക്കുകയാണ്.

Top