സിറ്റിംഗ് എംഎൽഎക്ക് വീണ്ടും ടിക്കറ്റ്; ഗുജറാത്തിൽ പാര്‍ട്ടി ഓഫീസ് ആക്രമിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

അഹമ്മദാബാദ്: തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ക്കിടെ ഗുജറാത്തിലെ അഹമ്മദാബാദിൽ പാർട്ടി ആസ്ഥാനത്ത് നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ച് കയറി മുതിർന്ന നേതാവ് ഭരത്സിങ് സോളങ്കിയുടെ പോസ്റ്ററുകൾ കത്തിച്ചു. സിറ്റിയിലെ ജമാൽപൂർ ഖാദിയ സീറ്റിൽ സിറ്റിംഗ് എംഎൽഎ ഇമ്രാൻ ഖേദാവാലയ്ക്ക് ടിക്കറ്റ് നൽകാനുള്ള തീരുമാനത്തിനെതിരെയാണ് പ്രവര്‍ത്തരുടെ പ്രതിഷേധം. രോഷാകുലരായ പ്രതിഷേധക്കാർ മുൻ ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ സോളങ്കിയുടെ നെയിംപ്ലേറ്റിന് കേടുപാടുകൾ കേടുവരുത്തുകയും ചെയ്തു. കൂടാതെ, പാർട്ടി ആസ്ഥാന കെട്ടിടത്തിന്‍റെ ചുവരുകളില്‍ സ്പ്രേ പെയിന്റ് ഉപയോഗിച്ച് സോളങ്കിയെക്കുറിച്ചുള്ള അപകീർത്തികരമായ വാക്കുകൾ എഴുതുകയും ചെയ്തു.

ബിജെപിയെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് പ്രതിശേധക്കാരുടെ ആരോപണം. അതേസമയം, ഏറെ ദിവസത്തെ ചർച്ചകൾക്കൊടുവിൽ 160 പേരുടെ ആദ്യഘട്ട പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. ആദ്യ പട്ടികയിൽ അഞ്ച് മന്ത്രിമാരും നിയമസഭാ സ്പീക്കറും ഉൾപ്പെടെ 38 സിറ്റിംഗ് എംഎൽഎമാരെയാണ് ഒഴിവാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഖാട്‍ലോഡിയയിൽ നിന്ന് തന്നെ മത്സരിക്കും. രാജ്യസഭാംഗം ആമി യാഗ്നിക്കിനെതിരെയാണ് പോരാട്ടം.

മോർബി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തിരിച്ചടി ഭയന്ന് അവിടുത്തെ സിറ്റിംഗ് എംഎൽഎയ്ക്ക് സീറ്റ് നിഷേധിച്ചു. നിലവിലെ സർക്കാരിൽ തൊഴിൽ വകുപ്പ് സഹമന്ത്രികൂടിയായ ബ്രിജേഷ് മെർജയ്ക്കാണ് സീറ്റില്ലാതായത്. അതേസമയം, ഭാരത് ജോഡോ യാത്രയുടെ ഇടവേളയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നവംബർ 22 ന് ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും.

ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണല്‍. ഇന്നലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിൽ രാഹുല്‍ പ്രചാരണത്തിന് എത്താതിരുന്നത് ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ഹിമാചലിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് ഗുജറാത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ, പ്രമുഖ പാർട്ടി നേതാക്കളുടെ നിരവധി പ്രചാരണ റാലികൾ ഗുജറാത്തില്‍ കോണ്‍ഗ്രസ് നടത്തും.

Top