ലോക്ക്ഡൗണ്‍ നീട്ടല്‍; സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഇവ

തിരുവനന്തപുരം: സംസ്ഥാനത്ത് റെഡ് സോണ്‍ പ്രഖ്യാപിച്ച ജില്ലകളിലെ ഹോട്‌സ്‌പോട്ട് (കണ്ടെയ്ന്‍മെന്റ് സോണ്‍) പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് സര്‍ക്കാര്‍. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത മറ്റു പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും.

ഹോട്‌സ്‌പോട്ടുകള്‍ ഉള്ള നഗരസഭകളുടെ കാര്യത്തില്‍ അതതു വാര്‍ഡുകളാണ് അടച്ചിടുക. പഞ്ചായത്തുകളുടെ കാര്യത്തില്‍ പ്രസ്തുത വാര്‍ഡും അതിനോട് കൂടിച്ചേര്‍ന്നു കിടക്കുന്ന വാര്‍ഡുകളും അടച്ചിടും. ഗ്രീന്‍ സോണ്‍ ജില്ലകളിലും പൊതുവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ പൊതുവായി അനുവദിച്ച ഇളവുകള്‍ നടപ്പാക്കുമ്പോള്‍ തന്നെ സംസ്ഥാനത്ത് ചില കാര്യങ്ങളില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും.

ഗ്രീന്‍ സോണില്‍ ഉള്‍പ്പെടെ അനുവദനീയമല്ലാത്തവ

  • പൊതുഗതാഗതം അനുവദിക്കില്ല. (കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ ഗ്രീന്‍സോണില്‍ 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയോടെ ബസുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ ഒരു സോണിലും ബസ് ഗതാഗതം അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
  • ഹോട്ട്‌സ്‌പോട്ടില്‍ ഒഴികെ സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല.
  • ടൂ വീലറുകളില്‍ പിന്‍സീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ കാര്യത്തിനായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കും (ഹോട്ട്‌സ്‌പോട്ടില്‍ ഒഴികെ).
  • ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ പാടില്ല.
  • സിനിമ തിയറ്റര്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയിലുള്ള നിയന്ത്രണം തുടരും.
  • പാര്‍ക്കുകള്‍, ജിംനേഷ്യം തുടങ്ങിയവ ഉണ്ടാകില്ല.
  • മദ്യഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല.
  • മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ ഉണ്ടാവില്ല. എന്നാല്‍, ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി സുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ച് ജോലി ചെയ്യാം.
  • വിവാഹ/മരണാനന്തര ചടങ്ങുകളില്‍ ഇരുപതിലധികം ആളുകള്‍ പാടില്ല. (കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ വിവാഹ ചടങ്ങുകള്‍ക്ക് അമ്പതില്‍ കുറയാതെ ആളുകളെ പങ്കെടുപ്പിക്കാന്‍ അനുവദിച്ചിട്ടുണ്ട്).
  • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷാ സംബന്ധമായ ജോലികള്‍ നടത്തേണ്ടിവന്നാല്‍ അതിനു മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാം.
  • അവശ്യ സര്‍വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫിസുകള്‍ നിലവിലെ രീതിയില്‍ തന്നെ മേയ് 15 വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഹാജരാകേണ്ടതാണ്.

ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ അനുവദനീയമായ കാര്യങ്ങള്‍

  • ഗ്രീന്‍ സോണില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഇത് ആഴ്ചയില്‍ ആറുദിവസം അനുവദിക്കും. ഓറഞ്ച് സോണില്‍ നിലവിലെ സ്ഥിതി തുടരും.
  • ഗ്രീന്‍ സോണിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കും. ഓറഞ്ച് സോണില്‍ നിലവിലെ സ്ഥിതി തുടരും.
  • ഹോട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റുകള്‍ക്ക് പാഴ്‌സലുകള്‍ നല്‍കാനായി തുറന്നുപ്രവര്‍ത്തിക്കാം. നിലവിലുള്ള സമയക്രമം പാലിക്കണം.
  • ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഈ ഇളവുകള്‍ ഗ്രീന്‍/ ഓറഞ്ച് സോണുകള്‍ക്കാണ് ബാധകം.
  • ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ടാക്‌സി, യൂബര്‍ പോലുള്ള കാബ് സര്‍വീസുകള്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രം.
  • ഹോട്‌സ്‌പോട്ടുകളില്‍ ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ലാ യാത്രയ്ക്ക് (അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്കു മാത്രം) അനുമതി. കാറുകളില്‍ പരമാവധി രണ്ട് യാത്രക്കാരും ഡ്രൈവറും.
  • ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. പ്രത്യേക പെര്‍മിറ്റും വേണ്ടതില്ല.
  • ഹോട്‌സ്‌പോട്ടിലൊഴികെയുള്ള സ്ഥലങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. എന്നാല്‍, 65 വയസ്സിനു മുകളിലുള്ളവരും പത്തു വയസ്സിനു താഴെയുള്ളവരും വീടുകളില്‍ തന്നെ കഴിയണം. വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴു വരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണം.
Top