ആശങ്കകൾ പരിഹരിച്ചിട്ടില്ലെന്ന് മോദി; ആർസിഇപി കരാറിൽ ഇന്ത്യ ഒപ്പു വയ്ക്കില്ല

ബാങ്കോക്ക് : വിശാല ഏഷ്യ മേഖലാതല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറില്‍ ഇന്ത്യ തല്‍ക്കാലം പങ്കാളിയാകില്ല. ഇന്ത്യയുടെ ആശങ്ക പരിഹരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കരാര്‍ വ്യവസ്ഥകള്‍ നീതിയുക്തമല്ല. കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും താല്‍പര്യം സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാവപ്പെട്ടവരുടെ ക്ഷേമത്തിനാകണം മുൻഗണനയെന്ന മഹാത്മാ ഗാന്ധിയുടെ വീക്ഷണമാണ് തന്നെ നയിക്കുന്നതെന്നും മോദി ഉച്ചകോടിയിൽ പറഞ്ഞു. വിഷയത്തിൽ തുടർചർച്ചകൾക്ക് ഇല്ലെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂർ സിംഗും പ്രതികരിച്ചു.

കരാറിൽ ഒപ്പിടാൻ മറ്റ് 15 രാജ്യങ്ങൾ തീരുമാനിച്ചെന്നാണ് ഉച്ചകോടിക്ക് ശേഷം വന്ന ആർസിഇപി കരാർ പ്രഖ്യാപനത്തിലുണ്ടായിരുന്നത്. ഇതു വരെ പരിഹരിക്കപ്പെടാത്ത ചില പ്രശ്നങ്ങൾ ഇന്ത്യയ്ക്കുണ്ട്. ഇന്ത്യ ഉയർത്തിയ വിഷയങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. എന്നാൽ പ്രഖ്യാപനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കരാറിൽ ഭാഗമാകാനില്ലെന്ന് വിദേശകാര്യ സെക്രട്ടറി വീണ്ടും വ്യക്തമാക്കി.

അടുത്ത വര്‍ഷം കരാര്‍ ഒപ്പിടാന്‍ തത്വത്തില്‍ ധാരണയായതായി ചൈന വ്യക്തമാക്കി. കൂടാതെ മറ്റു പതിനാലു രാജ്യങ്ങളും കരാറുമായി മുന്നോട്ടുപോകും. തയാറാകുമ്പോള്‍ ഇന്ത്യക്ക് കരാറിന്റെ ഭാഗമാകാമെന്ന് ചൈനീസ് വാണിജ്യമന്ത്രി പ്രതികരിച്ചു.

ആസിയാൻ–ഇന്ത്യ, ഈസ്റ്റ് ഇന്ത്യ, ആർസിഇപി സമ്മേളനങ്ങളിൽ പങ്കെടുക്കാനാണ് 3 ദിവസ പരിപാടികളുമായി പ്രധാനമന്ത്രി ബാങ്കോക്കിലെത്തിയത്. ഇന്ത്യ, ചൈന, ജപ്പാൻ ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും പത്തു ആസിയാൻ രാജ്യങ്ങളും ഉൾപ്പെടുന്ന സ്വതന്ത്ര്യവ്യാപാര കരാറാണ് ആർസിഇപി (റീജണൽ കോമ്പ്രിഹെൻസിവ് എക്കണോമിക് പാർട്ണർഷിപ്പ്) . കാർഷിക, വ്യാവസായിക, സേവന, എഞ്ചിനീയറിംഗ് മേഖലകളിലെല്ലാം ഉത്പന്നങ്ങൾ നികുതിയില്ലാതെ കയറ്റി അയക്കുന്നതിനും ഇറക്കാനുമുള്ള അനുമതിയാണ് കരാർ നൽകുന്നത്.

Top