ആർ.സി.ഇ.പി കരാർ; നയം മാറ്റിയത് ആർ.എസ്.എസ് ഇടപെടലിനെ തുടർന്ന്

ടുവില്‍ ആര്‍.എസ്.എസ് സര്‍ സംഘ്ചാലക് മോഹന്‍ഭാഗവതിന്റെ നിലപാടിനു മുന്നില്‍ മുട്ടുമടക്കി പ്രധാനമന്ത്രി നരേന്ദ്രമോഡി.

ആര്‍.സി.ഇ.പി കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങാന്‍ തീരുമാനിച്ചത് മോഡി-അമിത്ഷാ കൂട്ടകെട്ടിനെതിരായ ആര്‍.എസ്.എസിന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ കാര്‍ഷിക ഉല്‍പാദന മേഖലകള്‍ കടുത്ത ആശങ്കപ്രകടിപ്പിച്ച ആര്‍.സി.ഇ.പി കരാറിനെതിരെ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ശക്തമായ നിലപാടെടുത്തതോടെ അവരെ പിന്തുണക്കുന്ന നിലപാടാണ് ആര്‍.എസ്.എസും സ്വീകരിച്ചിരുന്നത്. സംഘപരിവാര്‍ സംഘടനകളായ ബി.എം.എസും സ്വദേശി ജാഗരണ്‍മഞ്ചും ഇതുസംബന്ധമായി സമരപ്രഖ്യാപനവും നടത്തിയിരുന്നു.

ആര്‍.എസ്.എസിന്റെ എതിര്‍പ്പ് അവഗണിച്ചും കരാറുമായി മുന്നോട്ടുപോകാനുള്ള നീക്കമാണ് മോഡി- അമിത്ഷാകൂട്ടുകെട്ട് നടത്തിയിരുന്നത്. എന്നാല്‍ ഇതിനെതിരെ ശക്തമായ നിലപാടാണ് ആര്‍.എസ്.എസ് സര്‍ സംഘ്ചാലക് മോഹന്‍ഭാഗവത് സ്വീകരിച്ചത്.

പ്രതിപക്ഷവുമായി ചേര്‍ന്ന് പ്രക്ഷോഭത്തിന് തൊഴിലാളി സംഘടനയായ ബി.എം.എസിന് പരിവാര്‍ നേതൃത്വം അനുമതിയും നല്‍കിയിരുന്നു. സ്വദേശി ജാഗരണ്‍മഞ്ചും പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചിരുന്നത്.

ഇതോടെയാണ് നിലപാട് മാറ്റി തായ്ലന്റിലെ ബാങ്കോക്കില്‍ നടന്ന ചര്‍ച്ചകളില്‍ ആര്‍.സി.ഇ.പി കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

ചൈന അടക്കമുള്ള രാജ്യങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തെ അതിജീവിച്ചാണ് മോഡി ആര്‍.എസ്.എസ് നിലപാടിനൊപ്പം നിന്നിരിക്കുന്നത്.

ഇന്ത്യ ഇനി തയ്യാറാകുമ്പോള്‍ കരാറില്‍ ചേരാമെന്ന നിബന്ധനയാണ് ചൈനയും നിലവില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യയെക്കൂടാതെ കരാറുമായി മുന്നോട്ടുപോവുകയാണെന്ന് കരാറില്‍ ഒപ്പിട്ട 15 രാജ്യങ്ങളും വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

കരാറില്‍ ഏറ്റവുമധികം നേട്ടം ലഭിക്കുന്ന രാജ്യം ചൈനയായിരുന്നു. ഇന്ത്യ കരാറില്‍ ഒപ്പുവെക്കാത്തത് മൂലം ചൈനക്ക് ഇന്ത്യന്‍ വിപണിയാണ് നഷ്ടമായിരിക്കുന്നത്.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ 10 രാജ്യങ്ങളും അവയുടെ സ്വതന്ത്ര വ്യാപാര പങ്കാളികളായ ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണകൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളുമാണ് ആര്‍.സി.ഇ.പി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നത്.

കരാറിലേര്‍പ്പെട്ടാല്‍ ചൈനയില്‍ നിന്നും കാര്‍ഷിക, വ്യാവസായിക ഉല്‍പ്പനങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകുമെന്നും ഇന്ത്യയിലെ കാര്‍ഷിക, ഉല്‍പാദനമേഖലകള്‍ തകര്‍ന്നടിയുമെന്നുമുള്ള ആശങ്കയാണ് പ്രതിപക്ഷവും ആര്‍.എസ്.എസും ഉയര്‍ത്തിയിരുന്നത്.

അമേരിക്കയുമായി വാണിജ്യകരാറില്‍ നിന്നും പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന ചൈന, ഏഷ്യയിലെ വലിയ വിപണിയായ ഇന്ത്യയുമായി കരാറുണ്ടാക്കുന്നതിനായി ശക്തമായ സമ്മര്‍ദ്ദമാണ് നടത്തിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും അവസാന നിമിഷവും ആര്‍.സി.ഇ.പി കരാറില്‍ ഒപ്പിടാമെന്ന നിലപാടിലുമായിരുന്നു.

ആര്‍.എസ്.എസ് സ്വരം കടുപ്പിച്ചതോടെയാണ് അവസാനഘട്ടത്തില്‍ നാടകീയമായി മോഡി പിന്‍മാറിയത്.
കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയങ്ങളില്‍ മോഡിയും അമിത്ഷായും ഒരു വശത്തും സംഘപരിവാര്‍ സംഘടനകള്‍ മറുവശത്തുമായാണ് നിലയുറപ്പിച്ചിരിക്കുന്നത്.

വാജ്പേയി സര്‍ക്കാരിന്റെ കാലത്തെ സ്വകാര്യവല്‍ക്കരണത്തിനെതിരായ ആര്‍.എസ്.എസ് നിലപാട് തന്നെയാണ് മോഡിക്കെതിരെയും പരിവാര്‍ നേതൃത്വം ശക്തമായി ഉയര്‍ത്തിയിരിക്കുന്നത്. നോട്ട് നിരോധനം,പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന, ബാങ്കുകളുടെ ലയനം എന്നിവയെയും സംഘപരിവാര്‍ സംഘടനകള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.

ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനക്കെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനകളുമായി ചേര്‍ന്നാണ് ബി.എം.എസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് തുടങ്ങിയ തെറ്റായ സാമ്പത്തിക നയം പിന്തുടരുന്നത് ശരിയല്ലെന്നാണ് ബി.എം.എസ് ഉയര്‍ത്തുന്ന പ്രധാന വാദം. റാവുവിന്റെ കാലത്ത് ലോക വ്യാപാര സംഘടനയില്‍ അംഗമാകുന്നതിനെതിരെ ബി.എം.എസും സംഘപരിവാര്‍ സംഘടനകളും ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

വാജ്പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായ എല്‍.കെ അദ്വാനിക്ക് പോലും ആര്‍.എസ്.എസിന്റെ പ്രതിനിധിയായിട്ടും സാമ്പത്തിക നയത്തില്‍ സംഘപരിവാറിന്റെ വിദ്വേഷം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

രാമജന്‍മഭൂമി പ്രക്ഷോഭവും രഥയാത്രയും നയിച്ചിട്ടും മുഹമ്മദാലി ജിന്നയെ പുകഴ്ത്തിയ അദ്വാനിയുടെ വാക്കുകളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് അദ്വാനി എന്ന അതികായകനെ വെട്ടിനിരത്താന്‍ ആര്‍.എസ്.എസ് നേതൃത്വത്തെ പ്രേരിപ്പിച്ചിരുന്നത്.


ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് എല്ലാവരും കരുതിയ അദ്വാനിയെ മാറ്റി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരോധിച്ചതും അതേ ആര്‍.എസ്.എസ് തന്നെയാണ്.

അദ്വാനിയുടെ പകരക്കാരനായി ആര്‍.എസ്.എസ് കൊണ്ടുവന്ന നരേന്ദ്രമോഡിയിലും മാറ്റങ്ങള്‍ ഉണ്ടാകുന്നതിനെ ഗൗരവമായാണ് പരിവാര്‍ നേതൃത്വമിപ്പോള്‍ നോക്കി കാണുന്നത്. മോഡിയെ തങ്ങളുടെ വഴിക്ക് നയിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് മോഹന്‍ഭാഗവത് ഇപ്പോള്‍ ഇടപെട്ടിരിക്കുന്നത്.

Political reporter

Top