ആര്‍സിബിയുടെ സ്റ്റാര്‍ പേസര്‍ക്ക് പരുക്ക്; അടുത്ത മത്സരം കളിച്ചേക്കില്ല

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തിരിച്ചടി. ടീമിന്റെ മുഖ്യ പേസര്‍മാരില്‍ ഒരാളായ നവദീപ് സൈനിക്ക് പരിക്കേറ്റു. കൈവിരലിന് പരിക്കേറ്റ സൈനിക്ക് അടുത്ത മത്സരത്തില്‍ കളിക്കാനാവില്ല. ഇത് ടീമിനെ ബാധിക്കും. സൈനിയുടെ അഭാവം ടീമിന് കടുത്ത തിരിച്ചടിയാവുമെന്നുറപ്പാണ്. സിഎസ്‌കെയ്ക്കെതിരായ മത്സരത്തിന്റെ 18ാം ഓവറിലാണ് സംഭവം.

ധോണിയുടെ പവര്‍ ഷോട്ടിനെ തടുക്കാനുള്ള സൈനിയുടെ ശ്രമം കൈവിരലിന് മുറിവേല്‍പ്പിക്കുകയായിരുന്നു. ബൗള്‍ ചെയ്യുന്ന വലത് കൈക്കാണ് പരിക്കേറ്റതെന്നാണ് പ്രയാസപ്പെടുത്തുന്ന കാര്യം. മുറിവേറ്റതിനാല്‍ കൈവിരലില്‍ കൂടുതല്‍ ശക്തി നല്‍കാനാകില്ല. നിലവില്‍ ആര്‍സിബിയുടെ പേസ് ബൗളിങ് നിരയിലെ നിര്‍ണ്ണായക സാന്നിധ്യമാണ് നവദീപ് സൈനി. 11 മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റ് മാത്രമാണ് നേടാനായതെങ്കിലും ഇക്കോണമി റേറ്റ് 7.95 മാത്രമാണ്.

മുംബൈക്കെതിരായ സീസണില്‍ ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവര്‍ എറിഞ്ഞ് ആര്‍സിബിയെ വിജയിപ്പിച്ചത് സൈനിയായിരുന്നു. ഏഴ് റണ്‍സ് മാത്രമാണ് സൂപ്പര്‍ ഓവറില്‍ സൈനി വഴങ്ങിയത്. നിലവില്‍ 11 മത്സരം കളിച്ച ആര്‍സിബി ഏഴ് മത്സരമാണ് വിജയിച്ചത്. 14 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഇനി മൂന്ന് മത്സരമാണ് അവശേഷിക്കുന്നത്. രണ്ട് ജയം കൂടി നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം.

Top