ഐപിഎൽ: ഇംഗ്ലണ്ട് താരം വിൽ ജാക്സിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ആർസിബി

ബെംഗളൂരു: ഐപിഎൽ തുടങ്ങും മുമ്പെ പരിക്കേറ്റ് പുറത്തായ ഇംഗ്ലണ്ട് താരം വിൽ ജാക്സിൻറെ പകരക്കാരനെ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ(ആർസിബി). ന്യൂസിലൻഡ് താരം മൈക്കൽ ബ്രേസ്‌വെല്ലിനെയാണ് ജാക്സിൻറെ പകരക്കാരനായി ആർസിബി ടീമിലെത്തിച്ചത്. അടിസ്ഥാന വിലയായ ഒരു കോടി രൂപക്കാണ് ബ്രേസ്‌വെൽ ആർസിബി കുപ്പായമണിയുക.

കരിയറിൽ 117 ടി20 മത്സരങ്ങളിൽ കളിച്ച പരിചയസമ്പത്തുള്ള 32കാരനായ ബ്രേസ്‌വെൽ ഈ വർഷമാദ്യം ന്യൂസിലൻഡ് ടീമിൻറെ ഇന്ത്യൻ പര്യടനത്തിലും കളിച്ചിരുന്നു. ടി20യിൽ 30.86 ശരാശരിയിലും 133.84 പ്രഹരശേഷിയിലും 2284 റൺസടിച്ചിട്ടുള്ള ബ്രേസ്‌വെൽ 40 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇതിൽ നാലു തവണ നാലു വിക്കറ്റ് വീതം നേടി. കിവീസ് കുപ്പായത്തിൽ കളിച്ച 16 മത്സരങ്ങളിൽ 113 റൺസും 21 വിക്കറ്റും ബ്രേസ്‌വെൽ നേടിയിട്ടുണ്ട്. ഈ വർഷം ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ 78 പന്തിൽ 140 റൺസടിച്ച് ബ്രേസ്‌വെൽ ഞെട്ടിച്ചിരുന്നു. ടി20 ക്രിക്കറ്റിൽ ജേക്കബ് ഓറത്തിനും ടിം സൗത്തിക്കും ശേഷം ടി20യിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ബൗളറാണ് ബ്രേസ്‌വെൽ.

Top