ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തും;യെസ് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് റിസര്‍വ്വ് ബാങ്ക്

യെസ് ബാങ്ക് ലിമിറ്റഡിന്റെ നിയന്ത്രണം പിടിച്ചെടുത്ത് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായാണ് പിന്‍വലിക്കല്‍ തുക 50,000 ആയി നിശ്ചയിച്ചതിന് പുറമെ ഏപ്രില്‍ 3 വരെ നിന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഒരുകാലത്ത് രാജ്യത്തെ അഞ്ചാമത്തെ വലിയ സ്വകാര്യ ലെന്‍ഡറായിരുന്ന ബാങ്കിനെ രക്ഷിക്കാനാണ് ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് രക്ഷാപാക്കേജ് തയ്യാറാക്കുന്നത്. യെസ് ബാങ്കിനെ മറ്റേതെങ്കിലും ബാങ്കില്‍ ലയിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് നിലവില്‍ കേന്ദ്രബാങ്ക് നീങ്ങുന്നത്.

ഗുരുതരമായ സാമ്പത്തിക അവസ്ഥയില്‍ എത്തിച്ചേര്‍ന്നതോടെയാണ് സ്വകാര്യ ബാങ്കിന്റെ ബോര്‍ഡിനെ മറികടന്ന് തങ്ങള്‍ രംഗത്ത് വരുന്നതെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. മുന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് കുമാറിനെയാണ് യെസ് ബാങ്കിന്റെ അ്ഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ചിരിക്കുന്നത്. ബാങ്കില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിര്‍ത്താനും, പുനരുദ്ധരിക്കാനും ഉദ്ദേശിച്ചാണ് അതിവേഗ നടപടികളെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ആര്‍ബിഐ അഡ്മിനിസ്‌ട്രേറ്റര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യെസ് ബാങ്കിന്റെ യഥാര്‍ത്ഥ സാമ്പത്തിക അവസ്ഥ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും. ഇതനുസരിച്ചാണ് ആര്‍ബിഐ അനുയോജ്യമായ ലയന പങ്കാളിയെ തെരഞ്ഞെടുക്കുക. മോറട്ടോറിയം അനുസരിച്ച് ലോണ്‍ അനുവദിക്കുന്നതിനും, പുതുക്കി നല്‍കുന്നതിന് പുറമെ നിക്ഷേപകങ്ങള്‍ നടത്തുന്നതിനും, ബാധ്യതകള്‍ വരുത്തുന്നതിനും, വസ്തുവകകളും, ആസ്തികളും ട്രാന്‍സ്ഫര്‍ ചെയ്യാനോ, ഉപേക്ഷിക്കുന്നതിനും ഉള്‍പ്പെടെ യെസ് ബാങ്കിന് വിലക്കുണ്ട്.

അതേസമയം നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബാങ്ക് തകര്‍ന്നാല്‍ ഇന്ത്യയുടെ ബാങ്കിംഗ് സിസ്റ്റം തന്നെ ശോഷണം നേരിടും. പ്രത്യേകിച്ച് സാമ്പത്തിക സ്ഥാപനങ്ങള്‍ ഇപ്പോള്‍ പരസ്പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥിതി ഒഴിവാക്കാനാണ് റിസര്‍വ്വ് ബാങ്കിന്റെ അതിവേഗ ഇടപെടല്‍. മൂലധനം ഉയര്‍ത്താന്‍ കഴിയാതെ വന്നതോടെയാണ് യെസ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി താഴേക്ക് പതിച്ചത്. കൂടാതെ ഗുരുതരമായ ഭരണ പ്രശ്‌നങ്ങളും, നടപടികളും അടുത്ത കാലത്ത് സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ആറ് മാസം മുന്‍പ് കോ-ഓപ്പറേറ്റീവ് മേഖലയില്‍ അഴിമതി പുറത്ത് വന്നതോടെ പിഎംസി ബാങ്ക് സമാനമായ അവസ്ഥ നേരിട്ടിരുന്നു. ആര്‍ബിഐയുടെ ശക്തമായ ഇടപെടല്‍ നിക്ഷേകര്‍ക്ക് ആശ്വാസം സമ്മാനിച്ചതിന് പിന്നാലെയാണ് യെസ് ബാങ്കും പ്രതിസന്ധിയിലാകുന്നത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കാര്യമായ പ്രതിസന്ധികള്‍ നേരിടുന്നതിന് ഇടയില്‍ ബാങ്കിംഗ് മേഖല ക്ഷീണിക്കുന്ന അവസ്ഥ കൂടി സംജാതമായാല്‍ പ്രശ്‌നം ഗുരുതരമാകും.

Top