സര്‍ക്കാരിന് ആശ്വസിക്കാം ; കരുതൽ ശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്ക് നൽകും

മുംബൈ : സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക നടപടികള്‍ക്ക് ആശ്വാസവുമായി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ പക്കലുള്ള അധിക കരുതല്‍ ധനത്തില്‍ 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിനു കൈമാറും.

മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ സമിതിയുടെ നിര്‍ദേശത്തിന് റിസര്‍വ് ബാങ്ക് കേന്ദ്ര ബോര്‍ഡ് അംഗീകാരം നല്‍കി. ഇതോടെ വരുന്ന മാര്‍ച്ച് മാസത്തിനകം കേന്ദ്ര സര്‍ക്കാരിന് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും അറുപത്തിനാല് ശതമാനം തുക അധികമായി റിസര്‍വ് ബാങ്കില്‍ നിന്ന് കിട്ടും

റിസര്‍വ് ബാങ്കിന്റെ 2018-19 കാലയളവിലെ കരുതല്‍ ധനശേഖരമായി 1,23,414 കോടി രൂപയും പരിഷ്‌കരിച്ച ഇക്കണോമിക് കാപ്പിറ്റല്‍ ഫ്രെയിംവര്‍ക്ക് (ഇസിഎഫ്) പ്രകാരം 52,637 കോടി രൂപയും ഇത്തരത്തില്‍ കൈമാറാനാണ് തിങ്കളാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചത്.

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ തോത് നിര്‍ണയിക്കാനായി ബിമല്‍ ജലാന്‍ അധ്യക്ഷനായ ആറംഗ പാനലിനെ കഴിഞ്ഞ ഡിസംബറിലാണ് നിയമിച്ചത്. ആര്‍ബിഐയുടെ പക്കല്‍ ഒന്‍പതു ലക്ഷം കോടി രൂപയുടെ കരുതല്‍ ധനം ഉണ്ടെന്നാണ് കണക്കുകള്‍. ആഗോള ചട്ടം അനുസരിച്ച് അധികത്തുക സര്‍ക്കാരിന് കൈമാറണമെന്ന നിലപാടിലായിരുന്നു കേന്ദ്രം.

മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.3 ശതമാനമാണ് ധനകമ്മിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ ആര്‍ബിഐയുടെ പക്കലുള്ള അധിക കരുതല്‍ ധനം ഉപകരിക്കുമെന്നാണു വിലയിരുത്തല്‍. കരുതല്‍ ധനം കൈമാറുന്നത് സംബന്ധിച്ച് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും സര്‍ക്കാരും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു.

കരുതല്‍ ധനശേഖരം കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി ആര്‍ബിഐ യോഗം ചേര്‍ന്നാണ് സാമ്പത്തിക വിദഗ്ധനായ ബിമല്‍ ജെലാന്‍ കമ്മിറ്റിയെ നിയോഗിച്ചത് .

Top