റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ; വായ്പകള്‍ക്ക് 3 മാസം മോറട്ടോറിയം

ന്യഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചു. റിപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4 ശതമാനമാണ് ആക്കിയിരിക്കുന്നത്. എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും 3 മാസത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്.

എംപിസി യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്കുകുറയ്ക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

21 ദിവസത്തെ കൊറോണ വൈറസ് ലോക്ക് ഡൗണിന്റെ ആഘാതത്തെ നേരിടാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചിരിക്കുന്നത്.

കാഷ് റിസര്‍വ് റേഷ്യോയില്‍ ഒരുശതമാനവും കുറവുവരുത്തിയിട്ടുണ്ട്. ഇതോടെ സിആര്‍ആര്‍ മൂന്നുശതമാനമായി കുറഞ്ഞു.

ആര്‍ബിഐയുടെ ഈ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാണയപ്പെരുപ്പം ലക്ഷ്യസ്ഥാനത്ത് തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ നിലപാട് നിലനിര്‍ത്തുന്നതായും റിസര്‍വ് ബാങ്ക് അറിയിച്ചു.

Top