ഇ-റുപ്പി വൗച്ചറുകൾ ഇനി ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ വഴിയും ലഭ്യമാകുമെന്ന് ആർബിഐ

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇ- റുപ്പി വൗച്ചറുകള്‍ നല്‍കാമെന്ന പ്രഖ്യാപനവുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഇ-റുപ്പി സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഇതര കമ്പനികൾക്കുംഇ-റുപ്പി വൗച്ചറുകൾ നൽകാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. നിലവിൽ, ബാങ്കുകൾ വഴിയാണ് ഇ-റുപ്പി വൗച്ചറുകൾ ലഭ്യമാക്കുന്നത്. പുതിയ തീരുമാനപ്രകാരം ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ വഴിയും ഇ റുപ്പി വൗച്ചറുകൾ ലഭ്യമാകും. ഈ സാമ്പത്തിക വർഷത്തെ വായ്പാ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർബിഐ ഗവർണർ ശക്തികാന്താദാസ് ആണ് ഇക്കാര്യം അറിയിച്ചത്. 2021-ലാണ് കേന്ദ്രസർക്കാരും നാഷണൽ പേയ്മെന്റ് കോർപ്പറേഷനും ചേർന്ന് ഇ-റുപ്പി വൗച്ചറുകൾ അവതരിപ്പിച്ചത്. ഇത് വഴി രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം.

കറൻസി രഹിതമായ ഡിജിറ്റൽ വൗച്ചറുകളാണ് ഇ-റുപ്പി. ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് , പ്രീ പെയ്ഡ് ഗിഫ്റ്റ് വൗച്ചർ എന്നിങ്ങനെ ഏതെങ്കിലും രൂപത്തിൽ ഉപഭോക്താക്കളുടെ മൊബൈൽ ഫോണിലേക്കാണ് ഇത് ലഭിക്കുക. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ ആവശ്യമില്ലാതെ, ബന്ധപ്പെട്ട സ്ഥലങ്ങളിൽ നൽകി റഡീം ചെയ്യാം. കോണ്ടാക്ട്‌ലെസ് ആയി ലളിതമായ രീതിയിൽ കൈമാറാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട് ഇ റുപ്പി വൗച്ചറുകൾക്ക്.

കൂടാതെ വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ വിപുലീകരിക്കുന്നതിനും തീരുമാനമായി .ഇതിന്റെ ഭാഗമായി എ.ടി.എമ്മുകളിലും പി.ഒ.എസ് മെഷീനുകളിലും ഓൺലൈൻ ഇടപാടിനും റുപേ പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ അനുവദിക്കാൻ ആർബിഐ, ഇന്ത്യയിലെ ബാങ്കുകൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഈ നടപടികൾ റുപേ കാർഡുകളുടെ ആഗോള തലത്തിലുള്ള സ്വീകാര്യത വർധിപ്പിക്കുമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു.

Top