ആര്‍ബിഐ റിപ്പോ നിരക്കില്‍ മാറ്റമില്ല

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തന്നെ തുടരും. പണപ്പെരുപ്പ നിരക്ക് ലക്ഷ്യമിട്ട പരിധിയില്‍ തന്നെ നിര്‍ത്തുന്നതിനും മഹാമാരിയുടെ പ്രഭാവം സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതം മറി കടക്കുന്നതിനും വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടിയുള്ള ധനനയം തുടരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു.

ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കില്‍ 1.15 ശതമാനം (115 അടിസ്ഥാന പോയിന്റ്) കുറവുവരുത്തിയിരുന്നു. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആര്‍ബിഐ സ്വീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നിരക്കുകളില്‍ തല്‍ക്കാലം മാറ്റംവരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിച്ചത്.

മെയിലാണ് 40 ബേസിസ് പോയന്റ് കുറച്ച് റിപ്പോ നിരക്ക് നാലുശതമാനമാക്കിയത്. ആഗോള സാമ്പത്തിക മേഖല ദുര്‍ബലമായി തുടരുകയാണ്. എന്നാല്‍ ധനവിപണിയിലെ മാറ്റം ശുഭസൂചകമാണെന്നും യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

പണപ്പെരുപ്പ നിരക്കുകള്‍ കൂടുന്നതാണ് റിസര്‍വ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക് ഡൗണ്‍മൂലം വിതരണശൃംഖലയില്‍ തടസ്സമുണ്ടായതിനാല്‍ ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7.2ശതമാനമായി ഉയര്‍ന്നിരുന്നു. ജൂണിലാകട്ടെ 6.1 ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായി തന്നെ തുടരുമെന്നാണ് വിലയിരുത്തല്‍.

Top