ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍.ബി.ഐ

മുംബൈ: 2021-22 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച റിസര്‍വ് ബാങ്ക് 9.5ശതമാനമായി കുറച്ചു. നടപ്പ് വര്‍ഷത്തില്‍ രാജ്യം 10.5ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിന്നു മുന്‍യോഗത്തിലെ അനുമാനം.

പണപ്പെരുപ്പ നിരക്കുകളില്‍ വര്‍ധനവണ്ടെങ്കിലും ഇത്തവണയും ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്നും യോഗം തീരുമാനിച്ചു. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. മൂന്നുദിവസത്തെ മോണിറ്ററി പോളിസി യോഗത്തിനു ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

നടപ്പ് സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം 5.1ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപ ഭാവിയില്‍ ഉണ്ടായേക്കാവുന്ന വിലക്കയറ്റമാണ് ആര്‍ബിഐ നേരിടുന്ന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിലുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധന, ചരക്ക് നീക്കത്തിലെ തടസ്സങ്ങള്‍ എന്നിവ ദോഷകരമായി ബാധിക്കും. മികച്ച തോതില്‍ മലൂധന നിക്ഷേപമെത്തിയതോടെ രാജ്യത്തെ കരുതല്‍ ധനം 600 ബില്യണ്‍ ഡോളര്‍ മറികടന്നതായും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

മികച്ച മണ്‍സൂണ്‍ പ്രതീക്ഷ ഗ്രാമീണമേഖലയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായത് വെല്ലുവിളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള 16,000 കോടി രൂപയുടെ സിഡ്ബി പദ്ധതി തുടരുമെന്നും ഗവര്‍ണര്‍ അറിയിച്ചു. 50 കോടി രൂപവരെ വായ്പയെത്തവര്‍ക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും.

 

Top