റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; പണനയം പ്രഖ്യാപിച്ചു

ദില്ലി: തുടര്‍ച്ചയായ രണ്ടാം തവണയും പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 6.05 ശതമാനമായി തുടരും. രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായി കുറഞ്ഞതോടെയാണ് ആര്‍ബിഐ വായ്പ നിരക്ക് വര്‍ദ്ധിപ്പിക്കാതിരുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തി.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാമത്തെ പണനയ യോഗമാണ് അവസാനിച്ചത്. സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25% ആയി തുടരും. മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനത്തില്‍ തന്നെ തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള പണപ്പെരുപ്പം ഇപ്പോഴും 4 ശതമാനത്തിന് മുകളിലാണെന്നും അത് ആര്‍ബിഐയുടെ ലക്ഷ്യത്തിനും മുകളിലാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നാണയപ്പെരുപ്പം, ലക്ഷ്യം വെച്ചിരിക്കുന്ന 4 ശതമാനത്തില്‍ എത്തുകയാണ് വേണ്ടത് എന്ന് ശക്തികാന്ത ദാസ് പറഞ്ഞു പണപ്പെരുപ്പ പ്രവചനം നേരത്തെയുണ്ടായിരുന്ന 5.2 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി ആര്‍ബിഐ കുറച്ചു.

ജൂണ്‍ 2 വരെ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 595.1 ബില്യണ്‍ ഡോളറാണ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും സാമ്പത്തിക മേഖലയും പ്രതിരോധശേഷിയുള്ളതാണെന്നും അവ ശക്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Top