കോര്‍പ്പറേറ്റുകള്‍ക്കും ബാങ്കുകളുടെ പ്രമോട്ടര്‍മാരാകാം;ആര്‍ബിഐ ആഭ്യന്തര സമിതി

bank

മുംബൈ: വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ബാങ്കുകളുടെ പ്രമോട്ടര്‍മാരാകാന്‍ കഴിയുന്ന പുതിയ നിയമ നിര്‍മാണത്തിന് ശുപാര്‍ശ ചെയ്ത് റിസര്‍വ് ബാങ്ക് ആഭ്യന്തര സമിതി. പ്രമോട്ടര്‍ ഓഹരി വിഹിതം 15 ശതമാനത്തില്‍ നിന്ന് 26 ശതമാനമാക്കാനും സമിതി നിര്‍ദ്ദേശിക്കുന്നുണ്ട്. അതേസമയം, പ്രമോട്ടര്‍മാരല്ലാത്തവരുടെ ഓഹരി വിഹിതം 15 ശതമാനമായി നിജപ്പെടുത്തണം.

രാജ്യത്തെ ബാങ്കിങ് വ്യവസായത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഈ നിയമ നിര്‍മാണത്തിന് അംഗീകാരം ലഭിച്ചാല്‍ 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ദേദഗതി ചെയ്യേണ്ടി വന്നേക്കും. കുറഞ്ഞത് 10 വര്‍ഷത്തെ മികച്ച രീതിയിലുളള പ്രവര്‍ത്തന പരിചയമുള്ളതും 50000 കോടി രൂപയെങ്കിലും ആസ്തിയുളളതുമായ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്‌സി) ബാങ്കുകളായി പ്രവര്‍ത്തന അനുമതി നല്‍കാം. കോര്‍പ്പറേറ്റ് സംവിധാനങ്ങളുടെ എന്‍ബിഎഫ്‌സികളെയും പരിഗണിക്കാമെന്നതും റിസര്‍വ് ബാങ്ക് ആഭ്യന്തര സമിതിയുടെ ശുപാര്‍ശയാണ്.

ഷെഡ്യൂള്‍ഡ് ബാങ്കുകളായി പ്രവര്‍ത്തിക്കാന്‍ പുതിയ ലൈസന്‍സിനായി ആവശ്യമായ മൂലധന ശേഷി 500 കോടിയില്‍ നിന്ന് 1,000 കോടി രൂപയായി ഉയര്‍ത്തുക, സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലൈസന്‍സ് നേടാന്‍ മൂലധന ശേഷി 200 കോടിയില്‍ നിന്ന് 300 കോടിയായി ഉയര്‍ത്തുക- ഇതിന് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടാകണം, ലൈസന്‍സ് സംബന്ധിച്ച പുതിയ വ്യവസ്ഥകള്‍ ഉദാരമാണെങ്കിലും കര്‍ശനമാണെങ്കിലും നിലവിലെ ബാങ്കുകള്‍ക്കും ബാധകമാക്കണം. ഇങ്ങനെയാണ് മറ്റ് ശുപാര്‍ശകള്‍.

പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ നിലവിലെ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെങ്കില്‍ അതില്‍ ഇളവുകള്‍ അനുവദിക്കാമെന്നും സമിതി നിര്‍ദ്ദേശിക്കുന്നുണ്ട്. പൊതുജന അഭിപ്രായം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ജനുവരി 15 വരെ റിസര്‍വ് ബാങ്ക് ആഭ്യന്തര സമിതിയുടെ റിപ്പോര്‍ട്ട് ആര്‍ബിഐ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

Top