ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടും; റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍ബിഐ

ഡൽഹി: പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ ലക്ഷ്യമിട്ട് അടിസ്ഥാന പലിശനിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്. പണവായ്പാനയ പ്രഖ്യാപനത്തിലാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റിപ്പോ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തിലെത്തി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ബാങ്കുകൾ കൂട്ടിയേക്കും.

പണപ്പെരുപ്പം നാലുശതമാനത്തിൽ എത്തിക്കുക എന്നതാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. നിലവിൽ ആറുശതമാനത്തിൽ താഴെയാണ് പണപ്പെരുപ്പനിരക്ക്. ഈ പശ്ചാത്തലത്തിലാണ് പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കാൻ വീണ്ടും പലിശനിരക്ക് ഉയർത്തിയത്. 2023-24 സാമ്പത്തികവർഷത്തിന്റെ നാലാമത്തെ പാദമാവുമ്പോഴെക്കും പണപ്പെരുപ്പനിരക്ക് ശരാശരി 5.6 ശതമാനമായി താഴുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് ഉണ്ടായ അവസ്ഥയല്ല ഇന്ന് നിലനിൽക്കുന്നത്. പ്രമുഖ സമ്പദ് വ്യവസ്ഥകൾ എല്ലാം തിരിച്ചുവരവിന്റെ പാതയിലാണ്. പണപ്പെരുപ്പനിരക്കും കുറഞ്ഞിട്ടുണ്ട്. എന്നാൽ ലക്ഷ്യമിട്ട നിലയിലേക്ക് പണപ്പെരുപ്പനിരക്ക് ഇനിയും എത്തേണ്ടതുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

Top