വായ്പാ പലിശ ഇനിയും ഉയരും; റിപ്പോ നിരക്ക് അര ശതമാനം കൂട്ടി

മുംബൈ: വായ്പാ നിരക്ക് (റിപ്പോ) അര ശതമാനം കൂട്ടാൻ റിസർവ് ബാങ്ക് തീരുമാനം. പണപ്പെരുപ്പ നിരക്കു പിടിച്ചു നിർത്താൻ ലക്ഷ്യമിട്ടാണിത്. ഇതു നാലാം തവണയാണ് ഈ വർഷം നിരക്കു കൂട്ടുന്നത്.

മുഖ്യ പലിശ നിരക്കായ റിപ്പോ 5.9 ശതമാനമായി ഉയർത്തി. പുതിയ നിരക്കു പ്രാബല്യത്തിൽ വന്നതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ ഭവന, വാഹന വായ്പകൾ ഉൾപ്പെടെയുള്ളവയ്ക്കു പലിശ നിരക്കു കൂടും.

റിസർവ് ബാങ്ക് നൽകുന്ന വായ്പയ്ക്ക് ബാങ്കുകളിൽ നിന്ന് ഈടാക്കുന്ന പലിശയാണ് റിപ്പോ. കഴിഞ്ഞ മെയ് മുതൽ ഇതുവരെ റിപ്പോ നിരക്കിൽ 1.9 ശതമാനത്തിന്റെ വർധനയാണ് ആർബിഐ വരുത്തിയത്.

ലോകമാകെ കേന്ദ്ര ബാങ്കുകൾ നിരക്ക് ഉയർത്തുകയാണെന്ന് ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. യുഎസ് ഫെഡറൽ റിസർവ് തുടർച്ചയായ മൂന്നാം തവണയും കഴിഞ്ഞ ദിവസം നിരക്കു വർധിപ്പിച്ചിരുന്നു.

ഓഗസ്റ്റിൽ ചില്ലറവിൽപ്പനയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏഴുശതമാനമാണ്. ജൂലൈയിൽ 6.7 ശതമാനത്തിൽ നിന്നാണ് ഏഴുശതമാനമായി ഉയർന്നത്. പണപ്പെരുപ്പനിരക്ക് ആറുശതമാനത്തിൽ താഴെ എത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം.

Top