വായ്പാ പലിശ ഉയരും; റിപ്പോ നിരക്ക് കൂട്ടി

മുംബൈ: വായ്പാ പലിശ നിരക്കായ റിപ്പോ അന്‍പതു ബേസിസ് പോയിന്റ് ഉയര്‍ത്താന്‍ ആര്‍ബിഐ തീരുമാനം. റിപ്പോ നിരക്ക് 4.40 ശതമാനത്തില്‍നിന്നു 4.90 ശതമാനമായാണ് ഉയര്‍ത്തിയത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയര്‍ന്നേക്കും.

പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമാണ് ആര്‍ബിഐ നടപടി. കഴിഞ്ഞ മാസം വായ്പാ അവലോകനത്തിലല്ലാതെ റിപ്പോ നിരക്ക് നാല്‍പ്പതു ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു.

ഏകകണ്ഠമായാണ് റിപ്പോ നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് വായ്പാ നയ അവലോകന യോഗ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. യുക്രൈന്‍ യുദ്ധത്തോടെ പണപ്പെരുപ്പത്തിന്റെ ആഗോളവത്കരണമാണ് നടക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

Top