രാജ്യം വിട്ട തട്ടിപ്പുകാർക്ക്‌ മടങ്ങിവരാൻ പരവതാനി വിരിക്കുന്ന നയഭേദഗതിയുമായി റിസർവ്‌ ബാങ്ക്‌

ന്യൂഡൽഹി : ഇന്ത്യന്‍ ബാങ്കുകളിൽനിന്ന്‌ ശതകോടികൾ വായ്‌പയെടുത്ത്‌ വിദേശത്തേയ്‌ക്ക്‌ മുങ്ങിയ വൻകിട തട്ടിപ്പുകാർക്ക്‌ മടങ്ങിവരാൻ പരവതാനി വിരിക്കുന്ന നയഭേദഗതിയുമായി റിസർവ്‌ ബാങ്ക്‌. വായ്‌പ തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കാൻ വാണിജ്യ–- സഹകരണ ബാങ്കുകൾക്കും ഇതര ധനസ്ഥാപനങ്ങൾക്കും റിസർവ്‌ ബാങ്ക്‌ ഉത്തരവിലൂടെ നിർദേശം നൽകി. ഇതോടെ വിജയ് മല്യ, മെഹുൽ ചോക്‌സി, നീരവ് മോദി എന്നിവർക്കെല്ലാം സംരക്ഷണം ലഭിക്കും.

റിസർവ്‌ ബാങ്ക്‌ ജൂൺ എട്ടിന്‌ ഇറക്കിയ വിജ്ഞാപനം പ്രകാരം, വായ്‌പ പുനക്രമീകരിക്കുന്നതിന്‌ തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും മറ്റു വായ്‌പ കുടിശ്ശികക്കാരെപ്പോലെ ബാങ്കുകളെ സമീപിക്കാം. പലിശയും മുതലിന്റെ ഒരു ഭാഗവും ബാങ്ക്‌ വേണ്ടെന്നുവച്ച് കുടിശ്ശിക വായ്‌പയെ പുതിയ വായ്‌പയാക്കി മാറ്റുന്നതാണ്‌ പുനക്രമീകരണം. തിരിച്ചടയ്‌ക്കാൻ കഴിവുണ്ടായിട്ടും കുടിശ്ശിക വരുത്തുന്നവരാണ്‌ വെട്ടിപ്പുകാർ. പണം തട്ടിയെടുക്കാൻ വ്യാജരേഖകൾ നൽകി വായ്‌പയെടുക്കുന്നവരാണ്‌ തട്ടിപ്പുകാർ.

ബിസിനസ് പൊളിഞ്ഞതുകൊണ്ടും മറ്റും വായ്‌പ തിരിച്ചടയ്‌ക്കാൻ കഴിയാത്തവരാണ്‌ മൂന്നാമത്തെ വിഭാഗം. ഇതിൽ തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും പിന്നീട് വായ്‌പ അനുവദിക്കാറില്ലായിരുന്നു . ഇവർക്കെതിരെ കേസെടുക്കുകയും ചെയ്യും. ഇതായിരുന്നു ഇതുവരെ റിസർവ്‌ബാങ്ക്‌ സ്വീകരിച്ച കർശന നിലപാട്‌. അതെല്ലാം പുതിയ ഉത്തരവോടെ ഇല്ലാതാകും.

മോദി ഭരണത്തിൽ 2014–-2022 കാലത്ത്‌ ബാങ്കുകളുടെ കിട്ടാക്കടം 66.5 ലക്ഷം കോടി രൂപയായി. ഇതിൽ 14.5 ലക്ഷം കോടി രൂപ എഴുതിത്തള്ളി. കിട്ടാക്കടത്തിൽ 15 ശതമാനം ഗുജറാത്തിൽനിന്നാണ്. കേന്ദ്ര സർക്കാരിന്റെ മുദ്രാ വായ്‌പയായി 24 ലക്ഷം കോടി രൂപ നൽകിയിട്ടുണ്ട്‌. നല്ലപങ്കും കുടിശ്ശികയാണ്. ഈ കുടിശ്ശികയിൽ 75 ശതമാനം കേന്ദ്ര സർക്കാർ ഗ്യാരന്റി ഫണ്ടിൽനിന്ന്‌ നൽകും. വായ്‌പ ലഭിച്ചവരിൽ വലിയ ശതമാനവും ബിജെപി അനുഭാവികളാണ്.

പൊതുപണം കോർപറേറ്റുകൾക്ക്‌ കൈമാറാനാണ്‌ റിസർവ്‌ ബാങ്ക്‌ നയപരിഷ്‌കാരമെന്ന്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ (ബെഫി) ചൂണ്ടിക്കാട്ടി. 21ന്‌ റിസർവ്‌ ബാങ്ക്‌ ഓഫീസുകൾക്കു മുന്നിലും സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും.

Top