RBI Governor after Reghuram Rajan; Central Govt. has shortlisted four

bank frauds

ന്യൂഡല്‍ഹി: രഘുറാം രാജന്‍ വിരമിക്കുന്നതോടെ ഒഴിവുവരുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനായി നാലുപേരുടെ ചുരുക്കപ്പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. മൂന്നുപേര്‍ സാമ്പത്തിക വിദഗ്ധരും ഒരാള്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിന്റെ തലവനുമാണ്.

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ രാകേഷ് മോഹന്‍, സുബീര്‍ ഗോകര്‍ണ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ എന്നിവരുടെ പാനലാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ നാല് റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളാണ് 52കാരനായ ഉര്‍ജിത് പട്ടേല്‍. ജനുവരിയില്‍ ഇദ്ദേഹത്തിന്റെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് കൂടി കേന്ദ്രം നീട്ടി നല്‍കിയിരുന്നു. 2013 മുതല്‍ ആര്‍ബിഐയുടെ വായ്പാനയങ്ങളില്‍ പ്രധാന പങ്കുവഹിച്ചുവരുന്ന ഉര്‍ജിത് പട്ടേലാണ് ആര്‍ബിഐ ഗവര്‍ണര്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേധാവിയായ അരുന്ധതി ഭട്ടാചാര്യയുടെ പേരാണ് ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരാള്‍. ഫോബ്‌സ് മാഗസിന്റെ 100 കരുത്തുറ്റ വനിതകളില്‍ ഇടം നേടിയ അരുന്ധതിയെ എസ്ബിഐയുടെ കിട്ടാകടം നിയന്ത്രിക്കുന്നതില്‍ സ്വീകരിച്ച മാര്‍ഗങ്ങളാണ് ശ്രദ്ധാകേന്ദ്രമാക്കിയത്. 60കാരിയായ അരുന്ധതി ഈ വര്‍ഷാവസാനത്തോടെ എസ്ബിഐ മേധാവി സ്ഥാനത്തു നിന്നും വിരമിക്കും.

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി സേവനമനുഷ്ടിച്ചിരുന്ന രാകേഷ് മോഹന്‍ ധനകാര്യ മന്ത്രാലയത്തില്‍ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണയ നിധിയിലും (ഐഎംഎഫ്) സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ വായ്പാ നയങ്ങളിലും സാമ്പത്തിക സര്‍വെകളിലും പങ്കുവഹിച്ചിട്ടുണ്ട് 68കാരനായ രാകേഷ് മോഹന്‍.

ആര്‍ബിഐ മുന്‍ ഡെപ്യൂട്ടി ഗവര്‍ണറാണ് 56കാരനായ സുബീര്‍ ഗോകര്‍ണ്. നിലവില്‍ ഐഎംഎഫില്‍ എക്‌സ്‌ക്യുട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. 2012 അവസാനം വരെയുള്ള ആര്‍ബിഐയിലെ തന്റെ മൂന്ന് വര്‍ഷ കാലാവധിയില്‍ വായ്പാ നയമടക്കമുള്ള കാര്യങ്ങളില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

Top