rbi cleared notes ban less than 3 hours before modi’s speech

Reserve bank of india

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനം റിസര്‍വ് ബാങ്ക് അംഗീകരിച്ചത് മുന്ന് മണിക്കൂര്‍ മുമ്പ് മാത്രമെന്ന് വിവരാവകാശ രേഖ.

നവംബര്‍ എട്ടിന് വൈകിട്ട് എട്ടുമണിക്കാണ് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി 1000, 500 നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന തീരുമാനം പ്രഖ്യാപിച്ചത്.

രാജ്യത്തെ എല്ലാ തട്ടിലുമുള്ള ജനങ്ങളെയും നേരിട്ടു ബാധിക്കുന്ന തീരുമാനത്തിന് നവംബര്‍ എട്ടിന് വൈകിട്ട് 5.30നാണ് അംഗീകാരം നല്‍കുന്നതെന്ന് റിസര്‍വ് ബാങ്ക് പറയുന്നു.

ബ്ലൂംബെര്‍ഗ് ന്യൂസിന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ ആര്‍. ഗാന്ധി, എസ്.എസ്. മുന്ദ്ര, എന്‍.എസ് വിശ്വനാഥന്‍, ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് എന്നിവരുള്‍പ്പെട്ട യോഗമാണ് തീരുമാനമെടുത്തത്.

തുടര്‍ന്ന് അന്ന് രാത്രി എട്ടു മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

അസാധുവാക്കല്‍ തീരുമാനത്തിന്റെ തുടര്‍നടപടികള്‍ വേണ്ടത്ര ഫലപ്രദമാകാത്തതിന്റെ പേരില്‍ റിസര്‍വ് ബാങ്ക് പല കോണുകളില്‍ നിന്നും വിമര്‍ശനം നേരിടുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

അതേസമയം വിവരാവകാശ രേഖയില്‍ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് നടത്തിയ മുന്നൊരുക്കങ്ങളേക്കുറിച്ച് വ്യക്തമാക്കുന്നില്ല.

മാത്രമല്ല പുതിയ തീരുമാനത്തിന് മുമ്പ് ഓരോ ദിവസവും എത്ര പുതിയ നോട്ടുകള്‍ അച്ചടിച്ചു എന്ന കാര്യത്തിലും മറുപടി നല്‍കിയിട്ടില്ല.

Top