പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സേവനങ്ങളുടെ യുപിഐ ഇടപാട് പരിധികള്‍ പ്രഖ്യാപിച്ച് ആര്‍ബിഐ

മുംബൈ: പുതിയ യുപിഐ ഇടപാട് പരിധികള്‍ പ്രഖ്യാപിച്ച് ആര്‍ബിഐ. ചില പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സേവനങ്ങളുടെ യുപിഐ ഇടപാട് പരിധിയാണ് ആര്‍ബിഐ ഉയര്‍ത്തിയിരിക്കുന്നത്. ആര്‍ബിഐയുടെ മൂന്ന് ദിവസത്തെ ദ്വൈമാസ പണനയ സമിതി യോഗത്തിലാണ് ഇടപാട് പരിധി ഉയര്‍ത്താന്‍ തീരുമാനമായത്.

ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള യുപിഐ പേയ്മെന്റ് പരിധി ഇപ്പോള്‍ ഒരു ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തുമെന്ന് ആര്‍ബിഐ പ്രഖ്യാപിച്ചു. ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ക്കുള്ള ഇ-മാന്‍ഡേറ്റുകളുടെ പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ നടത്തുന്നതിന് ആര്‍ബിഐ ഇ-മാന്‍ഡേറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധിക ഫാക്ടര്‍ ഓതന്റിക്കേഷന്‍ ആവശ്യമുള്ള നിലവിലെ പരിധി 15,000 രൂപയാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് എന്നിവയ്ക്കായി ഈ പരിധി ഇപ്പോള്‍ ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലുള്ള യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് ഇടപാടുകളുടെ പരിധി കാലാകാലങ്ങളില്‍ അവലോകനം ചെയ്തിട്ടുണ്ടെന്ന് ഡിസംബര്‍ ദ്വൈമാസ പണനയം യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

Top