റെയ്ബാനും ഫേസ്ബുക്കും ഒന്നിക്കുന്നു; സ്മാര്‍ട് ഗ്ലാസുകള്‍ അടുത്ത വര്‍ഷമെത്തും

വാഷിങ്ടന്‍: 2021ല്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്. റെയ്ബാന്‍ ഗ്ലാസുകളുടെ നിര്‍മാതാക്കളായ ലക്‌സോട്ടിക്കയുമായി ചേര്‍ന്നാണ് ഫേസ്ബുക് സ്മാര്‍ട്ട് ഗ്ലാസുകള്‍ നിര്‍മിക്കുന്നത്. ഫെയ്‌സ്ബുക് കണക്ട് വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. ക്വെസ്റ്റ് 2 വയര്‍ലെസ് വിആര്‍ ഹെഡ്‌സെറ്റുകള്‍ പുറത്തിറക്കുമെന്നും ഫെയ്‌സ്ബുക് അറിയിച്ചു.

എസിലര്‍ ലക്‌സോട്ടിക്കയുടെ സംഘത്തെയും ഫാക്ടറിയും സന്ദര്‍ശിച്ചുവെന്നും മികച്ച സാങ്കേതിക വിദ്യയെ മികച്ച ഗ്ലാസുകളുമായി ഒരുമിപ്പിക്കാന്‍ സഹായിക്കുന്നതിനു ശരിയായ പങ്കാളികള്‍ അവരാണെന്നും ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് പ്രതികരിച്ചു. ഫെയ്‌സ്ബുക്കും ലക്‌സോട്ടിക്കയും ഇതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കും. റെയ്ബാന്‍ ബ്രാന്‍ഡ് ഉത്പന്നമായാകും ഇതു വിപണിയിലെത്തുക.

ഗ്ലാസിന് ഇന്റഗ്രേറ്റഡ് ഡിസ്‌പ്ലെ ഉണ്ടാകില്ല. അതേസമയം വോയ്‌സ് അസിസ്റ്റന്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുമെന്നാണു വിവരം. ഗ്ലാസുകള്‍ സ്മാര്‍ട്ട് ഫോണുകളുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാം. അതായത് സ്‌നാപ് സ്‌പെക്ടാക്കിള്‍സ്, ആമസോണ്‍ എക്കോ ഫ്രെയിംസ് എന്നിവയ്ക്കു സമാനമായിട്ടായിരിക്കും പ്രവര്‍ത്തന രീതി.

Top