യുഎസ് ആഭ്യന്തര സെക്രട്ടറി രാജിവച്ചു; ട്രംപ് ക്യാബിനറ്റില്‍ ഇത് നാലാമത്തെ രാജി

വാഷിംഗ്ടണ്‍: ട്രംപ് ക്യാബിനറ്റില്‍ വീണ്ടും രാജി. യുഎസ് ആഭ്യന്തര സെക്രട്ടറി റയാന്‍ സിന്‍കെ രാജിവച്ചു. ശനിയാഴ്ചയാണ് റയാന്‍ സിന്‍കെ വൈറ്റ് ഹൗസിനു രാജിക്കത്ത് സമര്‍പ്പിച്ചത്. ഇന്നലെ പ്രസിഡന്റ് ട്രംപ് റയാന്‍ സ്ഥാനം ഒഴിഞ്ഞ കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. മൊണ്ടാനയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനാണ് റയാന്‍. ഇതിനെ തുടര്‍ന്നാണ് സ്ഥാനം ഒഴിയല്‍
എന്നാണ് വിലയിരുത്തല്‍.

ഈ വര്‍ഷം അവസാനത്തോടെ സ്ഥാനം ഒഴിയണമെന്നും ഇല്ലെങ്കില്‍ പുറത്താക്കുമെന്നുമായിരുന്നു റയാനുള്ള വൈറ്റ് ഹൗസ് മുന്നറിയിപ്പ്. റയാന്റെ രാജിക്കായി ആഴ്ചകളായി വൈറ്റ് ഹൗസ് സമ്മര്‍ദം തുടരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രണ്ടു വര്‍ഷത്തെ റയാന്റെ സേവനത്തിന് പ്രസിഡന്റ് ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു.

പ്രസിഡന്റ് കാബിനറ്റില്‍ എത്തുന്ന ആദ്യ മൊണ്ടാനക്കാരനാണ് റയാന്‍. ആരോപണങ്ങളെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിനിടെ രാജി സമര്‍പ്പിക്കുന്ന ട്രംപ് കാബിനറ്റിലെ നാലാം അംഗംകൂടിയാണ് റയാന്‍. ടോം പ്രൈസ്, ഡേവിഡ് ഷുല്‍കിന്‍, സ്‌കോട് പ്രൂയിറ്റ് എന്നിവര്‍ നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു.

Top