റയലും ബെയ്‌ലും നേര്‍ക്കുനേര്‍; പ്രീ സീസണ്‍ മത്സരങ്ങളില്‍ നിന്ന് താരം ഒഴിവായി

മാഡ്രിഡ്: റയല്‍ മാഡ്രിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്നും ഗാരെത് ബെയ്ല്‍ ഒഴിവായതായി റിപ്പോര്‍ട്ട്. ജര്‍മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന പ്രീ സീസണ്‍ മത്സരങ്ങളില്‍ നിന്നാണ് ബെയ്ല്‍ ഒഴിവായത്. ചൈനീസ് ഫുട്‌ബോള്‍ ലീഗിലേക്ക് മാറാനുള്ള ബെയ്‌ലിന്റെ നീക്കത്തിന് തടയിട്ടതിനു പിന്നാലെയാണിത്.

റയലുമായുള്ള കരാര്‍ അവസാനിക്കാന്‍ മൂന്നു വര്‍ഷം കൂടിയുള്ളപ്പോള്‍ ചൈനീസ് ക്ലബ്ബുമായി പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ താരം ശ്രമിച്ചിരുന്നു. കരാറിന്റെ അവസാനഘട്ടത്തില്‍ റയല്‍ ഈ നീക്കത്തിനെതിരേ രംഗത്ത് വരികയായിരുന്നു. ബെയിലിനായി ചൈനീസ് ക്ലബ് മുന്നോട്ടുവച്ച തുക കുറവാണെന്ന് കാട്ടിയാണ് റയല്‍ കരാറിനെ എതിര്‍ത്തത്. ആഴ്ചയില്‍ എട്ടര കോടി രൂപയാണ് ചൈനീസ് ക്ലബ്ബ് ബെയിലിന് വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം.

ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബായ ജിയാംഗ്‌സു സുനിംഗില്‍ ബെയ്ല്‍ ചേരുന്നതിലുള്ള അതൃപ്തി റയലിന്റെ പരിശീലകന്‍ സിനദെയ്ന്‍ സിദാന്‍ പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു. റയല്‍ പ്രസിഡന്റ് ഫ്‌ലോറന്റീനോ പെരസും ബെയിലിന്റെ നീക്കത്തിനെ പ്രതികൂലിച്ച് രംഗത്തെത്തിയതോടെ റയല്‍- ബെയ്ല്‍ സ്വരചേര്‍ച്ച പ്രകടമായിരുന്നു. റയല്‍ കരാറിനെ എതിര്‍ത്തതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ബെയിലിന്റെ ചൈനീസ് മോഹത്തെ ഇല്ലാതാക്കിയിട്ടുണ്ട്.

Top